സിപിഎം സെമിനാറിൽ ശശി തരൂർ പങ്കെടുക്കില്ല; അനുമതി നിഷേധിച്ച് ഹൈക്കമാൻഡ്

തരൂർ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

Update: 2022-03-21 15:21 GMT

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാവ് ശശി തരൂരിന് ഹൈക്കമാൻഡ് അനുമതി നിഷേധിച്ചു. കെപിസിസിയുടെ അഭിപ്രായം പരിഗണിച്ചാണ് എഐസിസിയുടെ നടപടി. തരൂരിന് പുറമെ മറ്റൊരു സെമിനാറിൽ പങ്കെടുക്കേണ്ടിയിരുന്ന കെ വി തോമസിനെയും ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്.

തരൂർ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്താല്‍ തരൂരിനെതിരേ നടപടി എടുക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ എഐസിസി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂരിന്റെ നിലപാട്.

സെമിനാറിൽ പങ്കെടുക്കുന്നതിന് അനുവാദം തേടി തരൂരും കെ വി തോമസും ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ തരൂർ പങ്കെടുക്കുന്നതിൽ കോൺഗ്രസ് സംസ്ഥാന ഘടകം എതിർപ്പ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്നതായിരുന്നു പാർട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.

Similar News