കെ റെയില്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശങ്കയറിയിച്ച് തമിഴ്‌നാട്, തെലങ്കാന ഘടകങ്ങള്‍
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്ന് തെലങ്കാന ഘടകവും നിലപാട് ആവര്‍ത്തിച്ചു. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുള്ള നിര്‍ദേശവും തെലങ്കാന ഘടകം മുന്നോട്ടുവച്ചു.
കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നസ്വരം. സിപിഎം ബംഗാള്‍ ഘടകത്തിന് പിന്നാലെ തമിഴ്‌നാട്, തെലങ്കാന ഘടകങ്ങള്‍ പദ്ധതിയില്‍ ആശങ്കയറിയിച്ചു. രാഷ്ട്രീയ സംഘടനാ റിപോര്‍ട്ടിന്‍മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധിയായ ആനന്ദ് രാജ് ആണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ആദ്യം പങ്കുവച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആനന്ദ് രാജ് ആവശ്യപ്പെട്ടു. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും ഇല്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ആനന്ദ് രാജ് സംസാരിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്ന് തെലങ്കാന ഘടകവും നിലപാട് ആവര്‍ത്തിച്ചു. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുള്ള നിര്‍ദേശവും തെലങ്കാന ഘടകം മുന്നോട്ടുവച്ചു. നന്ദിഗ്രാം അടക്കമുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണം ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകാനെന്ന് നേരത്തെ ബംഗാള്‍ ഘടകവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ശനിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പ്രമേയവും പാസാക്കിയിരുന്നു. ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അഭിനന്ദനീയമാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയേയും പ്രമേയം അഭിനന്ദിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിയെ പറ്റി ഈ പ്രമേയത്തിലും പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല.