സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്: രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമടുത്തത്. സിപിഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമാണ് നാസര്‍. സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. കേസില്‍, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ശല്ല്യം ചെയ്തു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരേയാണ് പോലിസ് കേസ്. ഇതില്‍ പത്ത് പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.
സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനാല്‍ യുവതിയെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നതാണെന്നായിരുന്നു വിഷയത്തില്‍ തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി നേരത്തെ പ്രതികരിച്ചിരുന്നത്.