ഹറമിലെ ക്രെയിന്‍ അപകടം: പുനരന്വേഷണത്തിന് ഉത്തരവിട്ട് സൗദി സുപ്രിംകോടതി

കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള അപ്പീല്‍ കോടതിവിധി റദ്ദാക്കിയാണ് കേസ് പുനരന്വേഷിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

Update: 2022-07-25 19:27 GMT

ജിദ്ദ: മക്കയിലെ ഹറമില്‍ ക്രെയിന്‍ അപകടത്തില്‍പ്പെട്ട കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ട് സുപിംകോടതി. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള അപ്പീല്‍ കോടതിവിധി റദ്ദാക്കിയാണ് കേസ് പുനരന്വേഷിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

2015 സെപ്തംബര്‍ 11ന് ഹറം വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ക്രെയിന്‍ തകര്‍ന്നുവീഴുകയും 108 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹറം ക്രെയിന്‍ അപകടത്തിന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ ഉത്തരവ്. ക്രെയിന്‍ തകര്‍ന്ന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെ വിധി 2021 ഓഗസ്റ്റ് 4ന് അപ്പീല്‍ കോടതി ശരിവച്ചിരുന്നു.

2020 ഡിസംബറില്‍ സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ ഈ കേസിലെ 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ക്രിമിനല്‍ കോടതി മൂന്നാം തവണയും വിധി പുറപ്പെടുവിച്ചു. നേരത്തെ വിധിച്ചതല്ലാതെ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിധിയുടെ പകര്‍പ്പ് അപ്പീല്‍ കോടതിക്ക് അയച്ച് ഉചിതമായത് എന്താണെന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ഒന്നിന് നേരത്തെ പുറപ്പെടുവിച്ച വിധിയില്‍, അശ്രദ്ധ കുറ്റമായി ചുമത്തപ്പെട്ട 13 പ്രതികളെയും ക്രിമിനല്‍ കോടതി വെറുതെ വിട്ടു. കനത്ത മഴയും മിന്നലുമാണ് ദുരന്തത്തിന് കാരണമെന്ന് മക്ക കോടതിയും വിധിച്ചു.

ഹറം ക്രെയിന്‍ അപകടത്തില്‍പ്പെട്ട കേസില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാന്‍ സുപ്രീം കോടതിയുടെ ഒന്നാം സര്‍ക്യൂട്ട് തീരുമാനിച്ചു. എല്ലാ കേസുകളും ഒരു പുതിയ ജുഡീഷ്യല്‍ സര്‍ക്യൂട്ട് പുനപരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ആരെയും സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തരുതെന്നും ഉത്തരവില്‍ പറഞ്ഞു.

സുപ്രിം കോടതി പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികളെയും അപ്പീല്‍ കോടതിയെയും മറ്റ് ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ട്. 10 പ്രതികളുടെ സാന്നിധ്യത്തിലാണ് സുപ്രിം കോടതി സെഷന്‍ നടന്നത്. അതേസമയം മൂന്ന് പ്രതികളോ അവരുടെ പ്രതിനിധികളോ സെഷനില്‍ ഹാജരായില്ല. ഈ പ്രതികളുടെ അഭാവത്തില്‍ കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ സുപ്രിം കോടതി സര്‍ക്യൂട്ട് ഉത്തരവിട്ടു.

കേസിന്റെ വിവിധ വശങ്ങളും സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധികളും പരിശോധിച്ചതായി സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി. ക്രെയിന്‍ ദീര്‍ഘനാള്‍ ആവശ്യമില്ലാത്തതിനാല്‍ നീക്കം ചെയ്യാന്‍ ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്ന ഉടമയില്‍ നിന്നോ സൂപ്പര്‍വൈസിംഗ് കണ്‍സള്‍ട്ടന്റില്‍നിന്നോ വ്യക്തമായ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ ക്രെയിന്‍ അവിടെ സ്ഥാപിക്കാന്‍ അനുവദിക്കുന്നതിനുള്ള തെളിവുകളും പ്രതികള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകടം നടന്ന സമയം ഹജജ് സീസണായതിനാല്‍ ഹജജ് തീര്‍ഥാടകരുടെയും ഉംറ നിര്‍വഹിക്കുന്നവരുടെയും സുരക്ഷ കണക്കിലെടുത്ത് ക്രെയിനിന്റെ ഉയരത്തിലുള്ള കൈ താഴ്ത്താന്‍ വേണ്ടത്ര പരിശോധിച്ചിട്ടില്ലെന്നും സുരക്ഷ ഉറപ്പാക്കാന്‍ ജോലി നിര്‍ത്തിവയ്ക്കണമെന്ന് വ്യക്തമാക്കിയ സമയമായിരുന്നു അതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹജജ് സീസണില്‍ തീര്‍ഥാടകരുടെ ജീവന് ആവശ്യമായ ഉയര്‍ന്ന മുന്‍കരുതലുകളുടെ അഭാവത്തിലേക്കാണ് അപകടം വിരല്‍ ചൂണ്ടിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. ആ സമയത്തെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലും മുന്നറിയിപ്പ് നല്‍കിയ സമയത്തെ കാറ്റിന്റെ ദിശയും വേഗതയും കണക്കിലെടുത്ത് സംഭവവുമായി ബന്ധപ്പെട്ട കാലാവസ്ഥാ സാഹചര്യത്തെ സംബന്ധിച്ച മുന്നറിയിപ്പ് നിലവിലുണ്ടോ, അത് എങ്ങിനെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നത് സംബന്ധിച്ച് വേണ്ടത്ര ഗവേഷണം നടന്നിട്ടില്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ കണ്ടെത്തിയതായും കോടതി പറഞ്ഞു.

2015ലെ ഹജജിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കൈയാണ് സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 5.10 വിശുദ്ധ മക്കയിലെ ഹറമില്‍ ശക്തമായ കാറ്റില്‍ ക്രെയിന്‍ പൊട്ടിവീണത്. സംഭവത്തില്‍ മലയാളി ഹജ് തീര്‍ഥാടകര്‍ അടക്കം 110 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്കും സ്ഥിരവൈകല്യം സംഭവിച്ചവര്‍ക്കും സല്‍മാന്‍ രാജാവ് പത്തു ലക്ഷം റിയാല്‍ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതവും ധനസഹായം നല്‍കി. പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും സൗജന്യമായി ഹജജ് ചെയ്യാനുള്ള സൗകര്യവും രാജാവ് ഒരുക്കിയിരുന്നു.

Tags:    

Similar News