നിയമസഭാ കക്ഷി യോഗം റദ്ദാക്കി; ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചു

Update: 2022-09-26 01:04 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചു. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്. അതേസമയം എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കി. തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയം പാസാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. ഗെലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

92 എംഎല്‍എമാരുടെ പിന്തുണ അശോക് ഗെലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന ഭീഷണിയും എംഎല്‍എമാര്‍ മുഴക്കി. പിന്നാലെ യോഗം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം യോഗം റദ്ദാക്കുകയായിരുന്നു.

Tags:    

Similar News