വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് പോലിസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്ന് കാണിച്ചാണ് പോലിസ് നടപടി.

Update: 2019-12-18 15:22 GMT

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതൽ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ. നിരവധി സംഘടനകൾ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.

ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് പോലിസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്ന് കാണിച്ചാണ് പോലിസ് നടപടി. മുൻകരുതൽ നടപടിയായി ഡിസംബർ 18 രാത്രി 9.00 മുതൽ ഡിസംബർ 20 അർദ്ധരാത്രി വരെ മംഗളൂരു സിറ്റി പോലിസ് കമ്മീഷണറേറ്റിൽ 144 വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് കമ്മീഷണർ ഡോ. ഹർഷ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ബൽമട്ടയ്ക്ക് സമീപം റോഡ് ഉപരോധിച്ചത്. വിവിധ സംഘടനകൾ ഡിസംബർ 19 ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യം.

അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാവുകയാണ്. മദ്രാസ് സർവകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പോലിസ് തടഞ്ഞിരുന്നു.

Tags:    

Similar News