ദേശീയ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിക്കുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതല്ല: മദ്രാസ് ഹൈക്കോടതി

ഇന്ത്യ പോലൊരു രാഷ്ട്രത്ത് ദേശീയത വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ തീവ്രദേശീയത നാം കാത്തുസൂക്ഷിച്ച രാഷ്ട്ര അഭിവൃദ്ധിയെ മുമ്പുണ്ടായിരുന്ന നേട്ടത്തില്‍ നിന്ന് പിന്നോട്ടടിക്കും.

Update: 2021-03-22 18:17 GMT

ചെന്നൈ: ദേശീയ പതാകയുടെയോ അശോക ചക്രത്തിന്റെയോ മാതൃകയിലുള്ള കേക്ക് മുറിക്കുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതോ രാജ്യസ്‌നേഹമില്ലാത്തതോ ആയി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.

2013ല്‍ ഇത്തരമൊരു കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സംഭവത്തെ ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് തള്ളി. രാജ്യസ്‌നേഹവും ദേശീയാഭിമാനവും സംബന്ധിച്ച് നിര്‍ണായക നിരീക്ഷണങ്ങളും ജഡ്ജി നടത്തി.

ഇന്ത്യ പോലൊരു രാഷ്ട്രത്ത് ദേശീയത വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ തീവ്രദേശീയത നാം കാത്തുസൂക്ഷിച്ച രാഷ്ട്ര അഭിവൃദ്ധിയെ മുമ്പുണ്ടായിരുന്ന നേട്ടത്തില്‍ നിന്ന് പിന്നോട്ടടിക്കും. ദേശീയ പതാക ഉയര്‍ത്തി പിടിക്കുന്നവനോ, ദേശീയാഭിമാനം പ്രകടമാക്കുന്നവനോ മാത്രമല്ല രാജ്യസ്‌നേഹി. നല്ല ഭരണത്തിനായി വാദിക്കുന്നവനും രാഷ്ട്ര സ്‌നേഹിയാണ്. ദേശീയാഭിമാനത്തിന്റെ പ്രതിരൂപം ഒരിക്കലും രാജ്യസ്‌നേഹത്തിന്റെ സമാനമായ കാര്യമല്ല. അതുകൊണ്ട് ദേശീയ പതാകയുടെ കേക്ക് മുറിക്കുന്നത് ഒരിക്കലും രാജ്യവിരുദ്ധമല്ല.

രവീന്ദ്ര നാഥ് ടാഗോറിന്റെ വരികളും വാദത്തെ ന്യായീകരിച്ച് കോടതി പറഞ്ഞു. 2013ലെ ക്രിസ്മസ് ദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയ പതാകയുടെ രൂപത്തിലുള്ള കേക്കും നടുവില്‍ അശോക ചക്രയും ഇതിലുണ്ടായിരുന്നു. 2500 അതിഥികള്‍ക്കായി ഈ കേക്ക് മുറിച്ച് നല്‍കിയിരുന്നു. കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, മറ്റ് മത നേതാക്കള്‍, എന്‍ജിഒ അംഗങ്ങള്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദേശീയാഭിമാനത്തെ കളങ്കപ്പെടുത്തുന്ന കാര്യമാണ് ദേശീയ പതാകയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചതിലൂടെ സംഭവിച്ചതെന്ന് ഡി സെന്തില്‍കുമാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്.

കേക്ക് മുറിച്ച വ്യക്തിക്ക് മൂന്ന് വര്‍ഷം തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും നല്‍കുകയോ വേണമെന്നായിരുന്നു ആവശ്യം. അതേസമയം ഈ ചടങ്ങ് നടത്തിയ വ്യക്തികള്‍ക്ക് ദേശീയ പതാകയെ അപമാനിക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നില്ല. അവരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാണെന്നും ജസ്റ്റിസ് വെങ്കിടേഷ് വിലയിരുത്തി. കേക്ക് മുറിച്ചു എന്നത് കൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അഭിമാനത്തിന് ഒന്നും സംഭവിക്കില്ലെന്നും ജഡ്ജി പറഞ്ഞു.

Tags:    

Similar News