ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രത
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കര തൊടും. ഇതോടെ തമിഴ്‌നാട്ടിലും തെക്കന്‍ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം എട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം, ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും.
ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.