'സിപിഎമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടമായി'; ബിജെപിയില്‍ ചേര്‍ന്ന് ആലപ്പുഴയിലെ സിപിഎം നേതാവ്
സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആലപ്പുഴ: സിപിഎം കായം കുളം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംഘടനാ യോഗത്തിലാണ് ബിപിന്‍ പാര്‍ട്ടി അംഗത്വമെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ച ബിപിന്‍ സി ബാബു പാര്‍ട്ടി കുടുംബത്തില്‍ നിന്നാണ് രാഷ്ട്രീയരംഗത്തെത്തുന്നത്.
സിപിഎമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടമായെന്നും പാര്‍ട്ടിയെ ഇന്ന് നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ബിപിന്‍ പ്രതികരിച്ചു. രാജ്യത്ത് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാം. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകാരകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ അംഗത്വമെടുത്തതെന്നും ബിപിന്‍ പറഞ്ഞു. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ബിജെപിയിലേക്ക് ശുദ്ധജലം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
കായംകുളം കരീലക്കുളങ്ങര കളീയ്ക്കല്‍ സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിന്‍ മുമ്പ് സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഈ കേസിലെ പ്രതിയായ ബിപിനെ കോടതിയാണ് വെറുതെവിട്ടത്. എന്നാല്‍, സത്യന്‍ വധക്കേസില്‍ ബിപിനെ പ്രതിയാക്കിയതു പാര്‍ട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാന്‍ തിരിച്ചടിച്ചു. ബിപിനെതിരായ നടപടിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ബ്രാഞ്ചിലേക്കാണു തിരിച്ചെടുത്തിരുന്നത്.
പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സി ബി ചന്ദ്രഭാനുവുമായി സംസാരിച്ചാണ് ബിപിന്റെ മിശ്ര വിവാഹം നടത്തിയത്. എന്നാല്‍, ബിപിന്‍ ബാബുവിന് എതിരെ ഭാര്യയും കുടുംബവും ഗുരുതരമായ പരാതികള്‍ ഉന്നയിച്ചിരുന്നു. ബിപിനെതിരേ പോലിസിലും ഭാര്യ പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഭാര്യയെ ഒഴിവാക്കാന്‍ ആഭിചാര ക്രിയ നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ആരോപണം വന്നതോടെ പാര്‍ട്ടിയും പ്രതിസന്ധിയിലായി.
സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിന്റെ അമ്മ ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതു സിപിഎമ്മില്‍ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക വാങ്ങിയും ബിപിന്‍ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.