കൊച്ചി: മഹാവ്യാധിയുടെ പ്രത്യാഘാതം കുറയുന്നതോടെ കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകുന്നു. കേരളത്തില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സര്‍വീസുകളില്‍ ഒന്നായിരുന്ന കൊളംബൊ വിമാനം ഞായറാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. ഒന്നരവര്‍ഷത്തിനുശേഷമാണ്, ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബൊ സര്‍വീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരും.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം തുടര്‍ച്ചയായി മുന്നാം മാസവും ദേശീയാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഒക്ടോബറില്‍ നിരവധി രാജ്യാന്തര സര്‍വീസുകള്‍ക്ക് കൊച്ചിയില്‍ നിന്ന് ആരംഭിക്കുന്നുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യു.എല്‍ 165/166 വിമാനസര്‍വീസ് തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.45 ന് കൊളംബോയില്‍ നിന്ന് കൊച്ചിയിലെത്തുകയും 10.45 ന് മടങ്ങുകയും ചെയ്യും. ഞായറാഴ്ച രാവിലെ 0845 ന് വിമാനമെത്തുകയും 0945 ന് മടങ്ങും. സെപ്റ്റംബറില്‍ രാജ്യാന്തര വിമാനയാത്രക്കാരുടെയും സര്‍വീസുകളുടേയും എണ്ണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുള്ളതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ' ഒക്ടോബറില്‍ നിരവധി പ്രതിദിന സര്‍വീസുകള്‍ക്ക് തുടക്കമിടും. നവംബറോടെ കൊവിഡ് പൂര്‍വകാലത്തിന്റെ 70 ശതമാനമെങ്കിലും രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് തുടങ്ങാന്‍ കഴിയും. ചെയര്‍മാന്റേയും ബോര്‍ഡിന്റേയും നിര്‍ദേശാനുസരണം, കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു ' സുഹാസ് പറഞ്ഞു.
രാജ്യാന്തര എയര്‍ലൈന്‍ കമ്പനികളുമായി കഴിഞ്ഞ മൂന്നുമാസമായി സിയാല്‍ നടത്തിവരുന്ന ഏകോപിത ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ജൂലായില്‍ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വര്‍ധിച്ചു. ഓഗസ്റ്റില്‍ 1,57,289 പേരും സെപ്റ്റംബറില്‍ 1,94,900 സിയാല്‍ രാജ്യാന്തര ടെര്‍മിനലിലൂടെ കടന്നുപോയി. തുടര്‍ച്ചയായി മൂന്നാം മാസവും രാജ്യാന്തര ട്രാഫിക്കില്‍ സിയാല്‍, ദേശീയാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. സെപ്റ്റബറില്‍ മൊത്തം 3.70 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. നിലവില്‍ പ്രതിദിനം 106 സര്‍വീസുകളാണ് സിയാലില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ശരാശരി 14,500 പേരാണ് പ്രതിദിനം യാത്രക്കാര്‍.