ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നാ ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി നരേശാനന്ദ് സരസ്വതിയെ അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെ ക്ഷേത്രമതില്‍ തുരന്നെത്തിയ സംഘമാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പൂജാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വയറിലും കഴുത്തിലും കുത്തിയതു കാരണം രക്തസ്രാവമുണ്ടാവുകയും ഉടന്‍ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൂജാരിയുടെ നില ഗുരുതരമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രകോപനപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ യതി നരസിംഹാനന്ദ് സരസ്വതിയുടെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രമാണ് ദസ്‌നാദേവി ക്ഷേത്രം. ദസ്‌നാ ദേവി ക്ഷേത്ര കണ്‍വീനറായ യതി നരസിംഹാനന്ദിനെ കാണാനും ഒരു ചടങ്ങില്‍ പങ്കെടുക്കാനുമാണ് ബിഹാറിലെ സമസ്തിപൂരില്‍ നിന്ന് ആഗസ്ത് ഏഴിനാണ് സ്വാമി നരേശാനന്ദ് സരസ്വതി ദസ്‌നയില്‍ എത്തിയത്. പുലര്‍ച്ചെ 3.30 ഓടെ അദ്ദേഹം ക്ഷേത്രത്തിലെ വോളന്റിയര്‍ വിഭാഗത്തിലെ ഒരു കട്ടിലില്‍ ഉറങ്ങുന്നതിനിടെയാണ് ആക്രമണമെന്ന് നരസിംഹാനന്ദ് സരസ്വതിയുടെ സഹായിയായ അനില്‍ യാദവ് പറഞ്ഞു. നരസിംഹാനന്ദ് സരസ്വതിയുടെ ശിഷ്യനായ അദ്ദേഹം തുടര്‍ന്ന് ദസ്‌നാ ദേവി ക്ഷേത്രത്തില്‍ താമസിച്ചു. ഇദ്ദേഹം ഉറങ്ങിയതിന്റെ തൊട്ടടുത്ത മുറിയിലാണ് നരസിംഹാനന്ദ് സരസ്വതി ഉറങ്ങിയിരുന്നതെന്നും അദ്ദേഹം ഇപ്പോഴും അക്രമികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
യതി നരസിംഹാനന്ദ് സരസ്വതിക്ക് നേരത്തെയും നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പോലിസ് ഒരു പ്രാദേശിക സായുധ കോണ്‍സ്റ്റിളിനെ(പിഎസി) ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവം നടന്ന് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് പോലിസ് സംഘമെത്തിയതെന്നും ആരോപണമുണ്ട്. സംഭവം നടന്ന സ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുകയാണ്. സമീപത്തെ സിസിടിവി കാമറകള്‍ സ്വിച്ച് ഓഫ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സ്വാമി നരേശാനന്ദ് സരസ്വതിക്ക് നേരെയുള്ള ആക്രമണം ക്ഷേത്ര സുരക്ഷയുടെ ചുമതലയുള്ള പിഎസി ഗാര്‍ഡുകളുടെ അവഗണനയാണ് കാണിക്കുന്നതെന്ന് അനില്‍ യാദവ് പറഞ്ഞു. സംഭവത്തില്‍ മസൂരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്പി (ദേഹാത്ത്) ഇരാജ് രാജ അന്വേഷണം തുടങ്ങുകയും ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. അക്രമികള്‍ പുറത്തുനിന്നുള്ളവരാണോ അതോ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണോയെന്ന് അന്വേഷിക്കുകയാണ്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
Dasna temple priest Swami Nareshanand Saraswati stabbed