നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും മരിച്ച നിലയില്‍
ചെന്നൈ: നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 19 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്ത് ഒരു ദിവസത്തിന് ശേഷം പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചെന്നൈയിലെ വീട്ടിലാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. 2022ല്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്ന് 427 മാര്‍ക്കോടെ പാസ്സായ ജഗദീശ്വരന് രണ്ട് തവണ ശ്രമിച്ചിട്ടും നീറ്റില്‍ പ്രവേശനം നേടാനായിരുന്നില്ല. ശനിയാഴ്ച പിതാവ് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് പിതാവ് സെല്‍വശേകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തിന്റെ ദുഃഖം താങ്ങാനാവാതെ സെല്‍വശേഖര്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തുകയും ആത്മഹത്യാ ചിന്തകളില്‍ ഏര്‍പ്പെടാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ കോച്ചിങിലൂടെ അനുകൂലമാവുകയും ദരിദ്ര കുടുംബങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലും നീറ്റില്‍ പ്രവേശനം നേടുന്നത് അസാധ്യമാവുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 2021ല്‍ തമിഴ്‌നാട് നിയമസഭ നീറ്റില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്‍ പാസാക്കിയിരുന്നു. നേരത്തേ, സംസ്ഥാനം മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കുകയും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നീണ്ട കാലതാമസത്തിന് ശേഷം ബില്‍ തിരിച്ചയച്ച ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ വീണ്ടും പാസാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാ റി. 'ഞങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം സംഭവിക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീറ്റ് മതില്‍ തകരുമെന്നാണ് ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്.