48 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം; അടിവസ്ത്രമഴിപ്പിച്ചതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍
റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് വ്യക്തമാക്കി കമ്മീഷന്‍ കലക്ടര്‍ക്ക് കത്തയച്ചു
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍. റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് വ്യക്തമാക്കി കമ്മീഷന്‍ കലക്ടര്‍ക്ക് കത്തയച്ചു. 48 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 19നും കത്തയച്ചിരുന്നു. മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു അന്ന് നല്‍കിയിരുന്ന നിര്‍ദേശം.
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ഏഴ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഐസക് രാജു, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ്, കരാര്‍ ജീവനക്കാരായ മൂന്ന് പേര്‍, രണ്ട് കോളജ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് പോലിസ് കണ്ടെത്തിയ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകനും എന്‍ടിഎ നിയോഗിച്ച ഒബ്‌സര്‍വറുമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളും അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ആയൂര്‍ മാര്‍തോമാ കോളജിലാണ് വിവാദ അടിവസ്ത്രമഴിപ്പിക്കല്‍ നടന്നത്. സംഭവം പുറത്തായതോടെ കോളജിനുള്ളിലേക്ക് വലിയ രൂപത്തില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.