പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്: ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2023-02-18 15:55 GMT

ഛണ്ഡിഗഢ്: പശുക്കടത്തുകാരെന്ന് ആരോപിച്ച് രണ്ട് മുസ് ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോലിസ് ഒരു ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമവാസികളായ മുഹമ്മദ് നാസിര്‍, ജുനൈദ് എന്നിവരെ ചുട്ടുകൊന്ന കേസിലാണ് റിങ്കു സൈനി എന്ന ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്. ആറുപേരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ റിങ്കു സൈനി ഫിറോസ്പൂര്‍ ജിര്‍ക്ക ആസ്ഥാനമായുള്ള 'ഗോ രക്ഷക്' സംഘത്തിലെ അംഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഭിവാനിയിലെ ലോഹരു സബ്ഡിവിഷനിലെ ബര്‍വാസ് ഗ്രാമത്തില്‍ ഇരുവരുടെയും മൃതദേഹം വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ബജ്‌റങ്ദള്‍ നേതാക്കളായ മോനു മനേസര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് ചെയ്യുന്നത്. 'ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എഫ്‌ഐആറില്‍ പേരുള്ളവര്‍ ബജ്‌റങ്ദളുമായി ബന്ധമുള്ളവരാണ്. എന്നാല്‍ അവര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഭരത്പൂര്‍ റേഞ്ച് ഐജി ഗൗരവ് ശ്രീവാസ്തവ പറയുന്നത്. അതേസമയം, കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാസിറിന്റെയും ജുനൈദിന്റെയും നാട്ടുകാരുടെ മഹാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ദേശീയപതാകയേന്തിയും മറ്റും നിരവധി പേരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

നേരത്തേ, പ്രതികളെ രക്ഷിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. അതിനിടെ, കേസിലെ മുഖ്യപ്രതിയും ബജ്‌റങ്ദള്‍ നേതാവുമായ മോനു മനേസര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. 2011ല്‍ ഗോ രക്ഷകനായി സ്വയം രംഗപ്രവേശം ചെയ്ത മോനു മനേസര്‍ എന്ന മോഹിത് യാദവിന് ഉന്നത ബിജെപി നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പോളിടെക്‌നിക് ഡിപ്ലോമയുള്ള മോനു മനേസറിന് ഫേസ്ബുക്കിലും യൂ ട്യൂബിലും രണ്ടു ലക്ഷത്തിലേറെ സബ് സ്‌െ്രെകബര്‍മാരുണ്ട്.

മാത്രമല്ല, ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള മനേസര്‍ ജില്ലാ ഭരണകൂടത്തിന്റെ സിവില്‍ ഡിഫന്‍സ് ടീമിലും അംഗമായിരുന്നു. നേരത്തെയും പശുക്കടത്ത് സംഘത്തിനു നേരെ ആക്രമണവും വെയിവയ്പും നടത്തിയതായി മനേസറിനെതിരേ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍, ഇരട്ടക്കൊല നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് മനേസര്‍ പറയുന്നത്. രണ്ടുപേരെ ചുട്ടുകൊന്ന സംഭവം ദേശീയതലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ പ്രതികളെ പിടികൂടാനായി രാജസ്ഥാന്‍ പോലിസിന്റെ പ്രത്യേക സംഘം നൂഹിലും ഗുരുഗ്രാമിലും ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്. ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ഗോസംരക്ഷകരെന്ന് വിളിക്കപ്പെടുന്ന സംഘത്തെയും ചോദ്യംചെയ്യുന്നുണ്ട്. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഫിറോസ് പൂര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ക്രൂരമായി മര്‍ദിച്ച ശേഷം രണ്ട് യുവാക്കളെ ഒരു സംഘം ആളുകള്‍ ബൊലേറോയില്‍ നിന്ന് പുറത്തെത്തിക്കുകയും ഇവര്‍ വെള്ളം ചോദിക്കുന്നതിനിടെ ചിലര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കയറിപ്പോയിരുന്നതായും പോലിസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള വീട്ടില്‍ ജോലി ചെയ്യുന്ന ദൃക്‌സാക്ഷിയായ മുന്‍ മന്ത്രിയുടെ ്രൈഡവര്‍ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ആളുകള്‍ തിരികെ വന്ന് ഇരുവരെയും വാഹനത്തിലേക്ക് തന്നെ തള്ളിയിട്ടതായും അദ്ദേഹം പറഞ്ഞതായി ട്രിബ്യൂണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ രാജസ്ഥാന്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് നുഹ് എസ്പി വരുണ്‍ സിംഗ്ല പറഞ്ഞു.

അതിനിടെ, കൊല്ലപ്പെട്ട ജുനൈദിന്റെയും നാസിറിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 20.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. കൊലയാളികളെ അറസ്റ്റ് ചെയ്യാതെ മയ്യിത്ത് ഖബറടക്കില്ലെന്ന് കുടുംബം അറിയിച്ചതോടെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച മന്ത്രി സഹീദ ഖാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതവും മന്ത്രി സഹീദാഖാന്‍ അഞ്ചു ലക്ഷം വീതവും പഞ്ചായത്തുകളില്‍ നിന്ന് അരലക്ഷം വീതവുമാണ് നല്‍കുക. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

Tags:    

Similar News