ഹരിയാനയില്‍ മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഖബറിനരികില്‍ കുടുംബം അനിശ്ചിതകാല സമരം തുടങ്ങി
ഛണ്ഡിഗഢ്: ഹരിയാനയില്‍ പശുക്കടത്താരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ അനിശ്ചിതകാല സമരം ആരംഭിച്ച് കുടുംബം. ക്രൂരമായി കൊലചെയ്യപ്പെട്ട നസീറിന്റെയും ജുനൈദിന്റെയും ഖബറിനരികിലാണ് കുടുംബം സമരം ആരംഭിച്ചത്. പ്രതികളെ അറസ്റ്റുചെയ്യുംവരെ സമരം തുടരുമെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതികളെ പിടിക്കാന്‍ കഴിയാത്തത്തില്‍ പ്രതിഷേധം ശക്തമാണ്. ബജ്‌റങ്ദള്‍ നേതാവ് മോനു മനേസറിനെയും കൂട്ടാളികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പ്രതിഷേധ ധര്‍ണയില്‍ കുടുംബത്തിനൊപ്പം നാട്ടുകാരും അണിചേര്‍ന്നിട്ടുണ്ട്. 'ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണം. ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. മോനു മനേസര്‍ (എഫ്‌ഐആറില്‍ പേരുള്ള പ്രതികളില്‍ ഒരാള്‍) അറസ്റ്റിലാവുന്നതുവരെ ഞങ്ങളുടെ ധര്‍ണ തുടരും,. 'ഞങ്ങള്‍ക്ക് നീതി വേണം, അതിനായി പോരാട്ടം തുടരും'- മരിച്ചയാളുടെ ബന്ധു മുഹമ്മദ് ജാവേദ് പറഞ്ഞു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ വാദം ഹരിയാനയിലെ ബജറങ്ദള്‍ നേതാവ് മോനു മനേസര്‍ ഉള്‍പ്പെടെ നാല് പേരാണ് ഒളിവില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കുറ്റം നിഷേധിച്ച് പ്രതികള്‍ വീഡിയോ പുറത്തിറക്കിയിരുന്നു.
താന്‍ കേസില്‍ നിരപരാധിയാണെന്ന് എഫ്‌ഐആറില്‍ പേരുള്‍പ്പെടുത്തിയിട്ടുള്ള ലോകേഷ് സിംഗ്ല മേവത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഇയാളുടെ ആവശ്യം. വിഷയത്തിന് മതപരമോ രാഷ്ട്രീയമോ ആയ നിറം നല്‍കരുത്. 'എഫ്‌ഐആറില്‍ എന്റെ പേരുണ്ട്. പക്ഷേ ഒരു സത്യത്തിന്റെയും അടിസ്ഥാനത്തിലല്ല അങ്ങനെ ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി 14 ന് ഞാന്‍ എന്റെ സുഹൃത്തിനൊപ്പം കോടതിയില്‍ ഹാജരായിരുന്നു, പോലിസിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. അടുത്ത ദിവസം, എന്റെ മകന് സുഖമില്ലാത്തതിനാല്‍ ഞാന്‍ ആശുപത്രിയിലായിരുന്നു.
'രാജസ്ഥാന്‍, ഹരിയാന സര്‍ക്കാരുകളോട് ഈ വിഷയത്തിന് മതപരമോ രാഷ്ട്രീയമോ ആയ നിറം നല്‍കരുതെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും സിംഗ്ല ആവശ്യപ്പെടുന്നു. ഹരിയാനയിലെ മേവാത്ത് മേഖലയിലെ ഗോരക്ഷാ ദളിന്റെ (പശു വിജിലന്റ് ഗ്രൂപ്പ്) ജില്ലാ പ്രസിഡന്റാണ് സിംഗ്ല. അതേസമയം, പ്രതികള്‍ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും റാലി നടത്തി. ജുനൈദ്, നസീര്‍ എന്നിവരുടെ കൊലപാതകത്തില്‍ പ്രതിയായ ബജ്‌റങഗ്ദള്‍ നേതാവ് മോനു മനേസറിന് ഐക്യദാര്‍ഢ്യവുമായാണ് പ്രകടനം നടന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് മുഖ്യപ്രതിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചുള്ള റാലി നടന്നത്. ബജ്‌റങ്ദള്‍, വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) തുടങ്ങിയ തീവ്ര ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനുപേര്‍ പ്രകടനത്തിന്റെ ഭാഗമായി. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് റിപോര്‍ട്ട്. ഇതില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. റിങ്കു സൈനിയാണ് കസ്റ്റഡിയിലുള്ളത്.
കൊല്ലപ്പെട്ട രണ്ടുപേരെയും ജീവനോടെ പോലിസ് സ്‌റ്റേഷനിലെത്തിച്ചിരുന്നുവെന്ന് പിടിയിലായ പ്രതി റിങ്കു സൈനി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കാലിക്കടത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലിസ് തയാറായില്ലെന്നും റിങ്കു നല്‍കിയ മൊഴിയിലുണ്ട്. ടാക്‌സി ഡ്രൈവറാണ് റിങ്കു. എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.