മാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്‌ലിം സമൂഹം ഭീതിയില്‍

അടുത്തിടെയുണ്ടായ നാലു മുസ്‌ലിം യുവാക്കളുടെ കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോയെന്നും നഗരത്തിലെ മുസ്‌ലിം സമൂഹത്തെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്നും അന്വേഷിച്ച് വരികയാണെന്ന് അല്‍ബുക്കര്‍ക്കിയിലെ പോലിസ് വൃത്തങ്ങള്‍ പറഞ്ഞു

Update: 2022-08-08 03:26 GMT

വാഷിങ്ടണ്‍: യുഎസിലെ ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക് നഗരത്തിലെ മുസ്‌ലിം സമൂഹം ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അടുത്തിടെയുണ്ടായ നാലു മുസ്‌ലിം യുവാക്കളുടെ കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോയെന്നും നഗരത്തിലെ മുസ്‌ലിം സമൂഹത്തെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്നും അന്വേഷിച്ച് വരികയാണെന്ന് അല്‍ബുക്കര്‍ക്കിയിലെ പോലിസ് വൃത്തങ്ങള്‍ പറഞ്ഞു

ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക് പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 20കാരനായ ദക്ഷിണേഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടത് കൊലപാതക പരമ്പരയിലെ ഒടുവിലത്തേത്. നേരത്തേ, മൂന്നു പേരെ പതിയിരുന്ന് നടത്തിയ വെടിവയ്പുകളില്‍ മൂന്നു പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലിസ് പറയുന്നത്.

ന്യൂ മെക്‌സിക്കോയിലെ മുസ്‌ലിംകളുടെ 'ഭീകരമായ കൊലപാതകങ്ങളില്‍' യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും തങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു.

'തങ്ങള്‍ സംപൂര്‍ണമായ അന്വേഷണത്തിനായി കാത്തിരിക്കുന്നതോടൊപ്പം തന്റെ പ്രാര്‍ത്ഥന ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്, തന്റെ ഭരണകൂടം മുസ്ലീം സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നു' - ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വിദ്വേഷകരമായ ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അല്‍ബുക്കര്‍ക്കിയില്‍ നാല് മുസ്ലീം പുരുഷന്മാര്‍ കൊല്ലപ്പെട്ടതില്‍ താന്‍ ഏറെ അസ്വസ്ഥയാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ഈ ഹീനമായ ആക്രമണങ്ങളെ കുറിച്ച് നിയമപാലകര്‍ അന്വേഷണം തുടരുമ്പോള്‍, ന്യൂ മെക്‌സിക്കോയിലും നമ്മുടെ രാജ്യത്തുടനീളമുള്ള മുസ്‌ലിം സമൂഹത്തിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. വിദ്വേഷത്തിന് അമേരിക്കയില്‍ സ്ഥാനമില്ല- അവര്‍ വ്യക്തമാക്കി.

ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിയില്‍ താമസിക്കുന്ന മുസ്‌ലിം സമൂഹം കൊലപാതകങ്ങളില്‍ കടുത്ത ഭീതിയിലാണ്. അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ കാരണം അവരുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയാണ് മുസ്‌ലിംകള്‍ക്കിടയിലുള്ളത്.

Tags:    

Similar News