യുഎസില്‍ മുട്ടവില വര്‍ധിക്കുന്നു; ഒരു ലക്ഷം മുട്ട മോഷ്ടിച്ച് കൊള്ളസംഘം

കഴിഞ്ഞ വര്‍ഷം മുതല്‍ യുഎസില്‍ മുട്ടയുടെ വില 50 ശതമാനത്തില്‍ അധികം ഉയര്‍ന്നതായാണ് യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വെള്ളിയാഴ്ചത്തെ ഉപഭോക്തൃ വില സൂചിക റിപ്പോര്‍ട്ട് പറയുന്നത്.

Update: 2025-02-06 15:05 GMT
യുഎസില്‍ മുട്ടവില വര്‍ധിക്കുന്നു; ഒരു ലക്ഷം മുട്ട മോഷ്ടിച്ച് കൊള്ളസംഘം

പെന്‍സല്‍വേനിയ(യുഎസ്): യുഎസിലെ പെന്‍സല്‍വേനിയയില്‍ ഒരു ലക്ഷം മുട്ട മോഷ്ടിച്ച കൊള്ളസംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. കഴിഞ്ഞ ശനിയാഴ്ചയാണ് 35 ലക്ഷം രൂപയില്‍ അധികം വരുന്ന ഒരു ലക്ഷം ഓര്‍ഗാനിക് മുട്ട ഒരു സംഘം ഗോഡൗണില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ അധികമായി പെന്‍സല്‍വേനിയയില്‍ പോലിസായി പ്രവര്‍ത്തിക്കുന്ന താന്‍ ഇത്തരമൊരു കേസ് മുമ്പ് അന്വേഷിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് പോലിസ് മേധാവി മേഗന്‍ ഫ്രേസര്‍ പറഞ്ഞു.

''പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ കോഴികള്‍ നിറച്ച ഒരു ട്രെയിലര്‍ മോഷ്ടിച്ചിരുന്നു. എന്നല്ലാതെ ഇങ്ങനെയൊരു സംഭവം കണ്ടിട്ടേയില്ല. മുട്ടകളുടെ മൂല്യം കണക്കാക്കുമ്പോള്‍ ഇതൊരു വലിയ കുറ്റകൃത്യമാണ്. സംസ്ഥാന തലസ്ഥാനമായ ഹാരിസ്ബര്‍ഗില്‍ നിന്ന് ഏകദേശം 105 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ഗ്രീന്‍കാസിലിലെ പീറ്റ് ആന്‍ഡ് ജെറിയുടെ ഓര്‍ഗാനിക്‌സ് വെയര്‍ഹൗസിലെ ഒരു ട്രെയിലറില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.''-മേഗന്‍ ഫ്രേസര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ യുഎസില്‍ മുട്ടയുടെ വില 50 ശതമാനത്തില്‍ അധികം ഉയര്‍ന്നതായാണ് യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വെള്ളിയാഴ്ചത്തെ ഉപഭോക്തൃ വില സൂചിക റിപ്പോര്‍ട്ട് പറയുന്നത്. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനാല്‍ കോഴികളെ കൃഷിക്കാര്‍ കൊല്ലുന്നതാണ് കാരണം. ഡിസംബര്‍ മുതല്‍ ഏകദേശം 1.30 കോടി കോഴികളെ കൃഷിക്കാര്‍ കൊന്നൊടുക്കിയിട്ടുണ്ട്. ജനുവരി അവസാനം 12 മുട്ടകളുടെ വില 463 രൂപയായിരുന്നു. 2023 ജനുവരിയില്‍ ഇത് 306 രൂപയായിരുന്നു.

മുട്ട വില കൂടിയതിനാല്‍ പലകടകളും ഇപ്പോള്‍ മുട്ടവില്‍ക്കുന്നില്ല. യുഎസിലെ പ്രമുഖ പ്രഭാതഭക്ഷണ റെസ്‌റ്റോറന്റായ വാഫിള്‍ ഹൗസ് മുട്ടയ്ക്ക് 50 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News