എസ്‌റ്റേറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്; അമ്മ അറസ്റ്റില്‍

Update: 2025-03-28 15:36 GMT
എസ്‌റ്റേറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്; അമ്മ അറസ്റ്റില്‍

ഇടുക്കി: കജനാപ്പാറയിലെ അരമനപ്പാറ എസ്‌റ്റേറ്റില്‍ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്. കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സ്ഥിരീകരിച്ച രാജാക്കാട് പോലിസ് കുട്ടിയുടെ മാതാവും ജാര്‍ഖണ്ഡ് സ്വദേശിനിയുമായ പൂനം സോറന്റെ (21) അറസ്റ്റ് രേഖപ്പെടുത്തി. പൂനത്തിന്റെ ഭര്‍ത്താവ് കഴിഞ്ഞ ഡിസംബറില്‍ മരിച്ചിരുന്നു. അതിന് ശേഷം ജാര്‍ഖണ്ഡ് സ്വദേശിയായ മോത്തിലാല്‍ മുര്‍മു എന്നയാള്‍ ഇവര്‍ക്കൊപ്പം താമസമാക്കി. മോത്തിലാലില്‍ നിന്ന് പൂനം ഗര്‍ഭിണിയായി. എന്നാല്‍, ഗര്‍ഭകാര്യം മോത്തിലാലില്‍ നിന്നും ഒളിച്ചുവച്ചു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ മോത്തിലാല്‍ തന്നെ ഉപേക്ഷിക്കുമെന്നാണ് പൂനം കരുതിയത്. ഇതിന് ശേഷം പ്രസവം അടുക്കാനായപ്പോള്‍ ജോലിക്ക് പോയില്ല. സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്തത്. ആരുമറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. ഇതിന് ശേഷമാണ് എസ്റ്റേറ്റില്‍ കുഴിച്ചിട്ടത്. കുട്ടിയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ച് പുറത്തിട്ടപ്പോഴാണ് ലോകം വിവരം അറിയുന്നത്. മോത്തിലാലിന് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലിസ് കരുതുന്നത്.

Similar News