പാകിസ്താനില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ച ഹോട്ടലില്‍ സ്‌ഫോടനം; നാല് മരണം, 12 പേര്‍ക്ക് പരിക്ക്

. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സ്‌ഫോടനം. അംബാസിഡറിന്റെ നേതൃത്വത്തില്‍ നാലുപേര്‍ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

Update: 2021-04-22 01:11 GMT

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സ്‌ഫോടനം. അംബാസിഡറിന്റെ നേതൃത്വത്തില്‍ നാലുപേര്‍ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടനം നടന്നകാര്യം പാകിസ്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് സ്ഥിരീകരിച്ചു.

സ്‌ഫോടനമുണ്ടായപ്പോള്‍ അംബാസിഡറും സംഘവും ഒരു യോഗത്തിനായി പുറപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. നാലുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോംബ് സ്‌ഫോടനം 'ഭീകരപ്രവര്‍ത്തനമാണ്' എന്നാണ് പാകിസ്താന്‍ ആഭ്യന്തരമന്ത്രി വിശേഷിപ്പിച്ചത്. പാര്‍ക്കിങ്ങിലുണ്ടായിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News