ബംഗാളില്‍ വിദ്യാര്‍ഥി നേതാവിനെ വീടിന്റെ ടെറസില്‍ നിന്ന് തള്ളിയിട്ടുകൊന്നു; കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാകുന്നു
കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ വിദ്യാര്‍ഥി നേതാവ് അനീഷ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. മമത സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും ആലിയ യൂനിവേഴ്‌സിറ്റിയില്‍ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന വിദ്യാര്‍ഥി നേതാവാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് 28കാരനായ അനീഷ് ഖാന്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കൊലയാളി സംഘം അനീഷ് ഖാന്റെ വീട്ടിലെത്തി ടെറസില്‍ നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നാല് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് അനീഷിന്റെ പിതാവ് സലാം ഖാന്‍ പറഞ്ഞു. അവരില്‍ ഒരാള്‍ പോലിസ് യൂണിഫോമിലായിരുന്നു. ഒരാള്‍ തന്റെ നേരെ തോക്കുചൂണ്ടിയെന്നും പിതാവ് പറഞ്ഞു. എന്നാല്‍ അനീഷ് ഖാന്റെ വീട്ടിലേക്ക് ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ ആരെയും അയച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.
അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ (ഐഎസ്എഫ്) വിദ്യാര്‍ഥി വിഭാഗം നേതാവായിരുന്നു അനീഷ് ഖാന്‍. നേരത്തെ എസ്എഫ്‌ഐ നേതാവായിരുന്നു. കൊല്‍ക്കത്തയിലെ ആലിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. സിഎഎ വിരുദ്ധ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. സര്‍വകലാശാലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നയിക്കുന്നതിനിടെയാണ് അനീഷ് ഖാന്‍ കൊല്ലപ്പെട്ടത്. അനീഷിന്റെ കൊലപാതകത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ കാംപസുകളില്‍ പ്രതിഷേധം ആളിക്കത്തി. ആലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മെഴുകുതിരികളേന്തി മാര്‍ച്ച് നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പോലിസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സമരക്കാര്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.
'സ്വാതന്ത്ര്യാനന്തര ബംഗാളില്‍ ഇത്തരമൊരു ക്രൂരമായ കൊലപാതകം നടന്നിട്ടില്ല. 137 ദിവസമായി ആലിയ സര്‍വകലാശാലയില്‍ അനീഷ് ഖാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇത് സര്‍വകലാശാലയെയും അതിന്റെ സംരക്ഷണത്തിനും വേണ്ടിയാണ്'. സംഭവത്തെ അപലപിച്ച സിപിഎം നേതാവ് എം ഡി സലിം പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കേസില്‍ ഉള്‍പ്പെട്ടവരെ പോലിസ് അറസ്റ്റ് ചെയ്യുമെന്ന് ടിഎംസി എംഎല്‍എ സുകാന്ത പാല്‍ പറഞ്ഞു.