ഹെയ്തി ഭൂചലനം: മരണസംഖ്യ 724 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2021-08-15 19:36 GMT

പോര്‍ട്ട് ഓ പ്രിന്‍സ്: കരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു. ഇന്ന് നാനൂറോളം മൃതദേഹങ്ങളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ദരിദ്ര കരീബീയന്‍ രാജ്യത്തെ ബാധിച്ച രണ്ടാമത്തെ വലിയ ദുരന്തത്തില്‍ വീടുകളും ചര്‍ച്ചുകളും ഹോട്ടലുകളും ആശുപത്രികളും വിദ്യാലയങ്ങളും നിലംപൊത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.


 ഭൂചലനത്തിനുശേഷം പുതിയ വെല്ലുവിളി ഉയര്‍ത്തുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മാറിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഠിനപ്രയത്‌നമാണ് സൈനകള്‍ നടത്തിവരുന്നത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നിലംപൊത്തിക്കിടക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ശക്തമായ ഭുചലനത്തിന്റെ ആഘാതം അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ഹെയ്തിയിലാണ് പ്രത്യേകിച്ച് ലെസ് കെയ്‌സ് നഗരത്തിലും പരിസരത്തുമാണ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.


 തിങ്കളാഴ്ച കനത്ത മഴയ്‌ക്കൊപ്പം ഹെയ്തിയില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ട്രോപ്പിക്കല്‍ സ്‌റ്റോം ഗ്രേസിന്റെ വരവോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാവും. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് യുഎസ് നാഷനല്‍ ഹരിക്കെയ്ന്‍ സെന്റര്‍ (എന്‍എച്ച്‌സി) അറിയിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പെട്ടെന്ന് സഹായം അയക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരുടെയും ഐക്യദാര്‍ഢ്യം ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കട്ടെ- അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഞായറാഴ്ച തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും പറഞ്ഞു.

അമേരിക്ക സുപ്രധാന സാമഗ്രികള്‍ അയക്കുകയും 65 പേരടങ്ങുന്ന അര്‍ബന്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിനെ പ്രത്യേക ഉപകരണങ്ങളുമായി വിന്യസിക്കുകയും ചെയ്തുവെന്ന് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സാമന്ത പവര്‍ പറഞ്ഞു. 2010ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നുലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.

Tags:    

Similar News