കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍: മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര വനം മന്ത്രിയെ കണ്ടു

സംസ്ഥാനത്ത് കാട്ടുപന്നികള്‍ ഉള്‍പ്പെടേയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്

Update: 2021-11-22 18:57 GMT

ന്യൂഡല്‍ഹി: ജനവാസ മേഖലയില്‍ ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമര്‍പ്പിച്ച നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി സംസ്ഥാന വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി എകെ ശശീന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ ആവശ്യമായ നിയമ വശങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, മുഖ്യ വനം മേധാവി പികെ കേശവന്‍ എന്നിവര്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തും.


ഈവര്‍ഷം അവസാനത്തില്‍ കേരളത്തിലെത്തുന്ന കേന്ദ്ര വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തും.സംസ്ഥാനത്ത് കാട്ടുപന്നികള്‍ ഉള്‍പ്പെടേയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. വനാതിര്‍ത്തികളില്‍ കിടങ്ങുകള്‍ സ്ഥാപിച്ചും വേലികള്‍ കെട്ടിയും സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചുമൊക്കെയുള്ള നിരവധി പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം സംബന്ധിച്ച് കേരള വനം വകുപ്പ് തയാറാക്കിയ സമഗ്രപദ്ധതി രേഖ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 620 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള പ്രോജക്ട് പ്രപോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. പദ്ധതി നടത്തിപ്പിനുള്ള 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലുള്ളതാണ് പ്രപോസല്‍. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമായാല്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമാകും. സാമ്പത്തിക ലഭ്യതയനുസരിച്ച് ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സ്വാഭാവിക ആവാസ വ്യവസ്ഥയുടെ ഭാഗമായി വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് തടയണകളും ചോലകളും നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു വരുന്നു. വനാതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമുണ്ട്. ശാസ്ത്രീയമായി അതിരുകള്‍ നിര്‍ണയിക്കുന്നതിനുള്ള സര്‍വേ സംസ്ഥാന റവന്യു വകുപ്പ് നടത്തി വരുന്നുണ്ട്. അവരുടെ സഹകരണം കൂടി ഉറപ്പാക്കി വനാതിര്‍ത്തി ഡിജിറ്റലൈസിങ് ആന്‍ഡ് ജിയോ റഫറിങ്ങിനായി നത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അതിനായി വൈദേശിക അധിനിവേശ സസ്യങ്ങളായ അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, സെന്ന, ബ്ലാക്ക് വാട്ടില്‍ മുതലായവ വെട്ടിമാറ്റി ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിയും, ഏകവിള തോട്ടങ്ങളെ ഘട്ടംഘട്ടമായി സ്വാഭാവിക വനമാക്കി മാറ്റുന്നതിന്റെ ഭാഗമായി തദ്ദേശീയ ഫലവൃക്ഷതൈകളും മരങ്ങളും വച്ചുപിടിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 15 കോടി നല്‍കാനാണ് അഭ്യര്‍ഥിച്ചത്. ഇക്കാര്യത്തിനും സാമ്പത്തിക ലഭ്യത പരിശോധിച്ച് അടിയന്തര നടപടികള്‍ക്ക് ശ്രമിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വനം മന്ത്രിക്കൊപ്പം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, മുഖ്യ വനം മേധാവി പികെ കേശവന്‍ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News