കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രിയെ കാണും
കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കാട്ടുപന്നി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ഇക്കാര്യം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നാലുപേര്‍ കാട്ടുപന്നി ആകമണത്തില്‍ കൊല്ലപ്പെട്ടു. 10335 കാട്ടുപന്നി ആക്രമണ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ നിയമപരമായി അവകാശം ഉള്ളത്. 2022 മേയ് വരെ ഇതിന് അനുവാദമുണ്ട്. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ ഇവയെ വനത്തിന് പുറത്തുവെച്ച് ആര്‍ക്കും കൊല്ലാം. വനം വകുപ്പിന്റെ അനുവാദം ആവശ്യമില്ല. വിഷം കൊടുത്തോ വൈദ്യുതാഘാതമേല്‍പ്പിച്ചോ കൊല്ലാന്‍ പാടില്ല. ഒരു വര്‍ഷത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുക. മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.