പഞ്ചാബി നടനും ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതിയുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ദു ചൊവ്വാഴ്ച ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. വെസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയില്‍ ഹരിയാനയിലെ ഖാര്‍ഖോഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ബിജെപി ഭരണകൂടത്തെ സഹായിക്കുന്നതായിരുന്നു ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സംഘര്‍ഷം.
2015ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിന്റെ ചലച്ചിത്ര പ്രവേശം. സണ്ണി ഡിയോളിന്റെ അടുത്ത അനുയായിയായിരുന്ന ദീപ് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവമായിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിനിടെ പോലിസ് അറസ്റ്റ് ചെയ്തതോടെ സണ്ണി ഡിയോള്‍ സിദ്ദുവിനെ തള്ളിപറഞ്ഞു രംഗത്തുവന്നു.
മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രങ്ങളും കര്‍ഷക സമര സംഘര്‍ഷത്തിനിടെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന് കര്‍ഷക നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു.