കര്‍ഷക റാലിക്കിടെ ആക്രമണം; ദീപ് സിദ്ധുവിനും ലാക സിധാനക്കും എതിരേ എഫ്‌ഐആര്‍

ദീപ് സിദ്ധുവിനെ ആര്‍എസ്എസ് ഏജന്റ് എന്നാണ് സംയുക്ത് കിസാന്‍ മോര്‍ച്ച വിശേഷിപ്പിച്ചത്.

Update: 2021-01-28 07:43 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിനും ഗുണ്ടാ നേതാവായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ലാക സിധാനക്കും എതിരേ കേസ്.

ചെങ്കോട്ടയിലേക്ക് കര്‍ഷകരെ വഴി തിരിച്ചുവിട്ടതും ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും ദീപ് സിദ്ധുവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൈയില്‍ മൈക്രോഫോണുമായാണ് സിദ്ധു എത്തിയത്. ചെങ്കോട്ടയില്‍ സിഖ് മത പതാകയായ നിഷാന്‍ സാഹിബ് ഉയര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

സംഭവം വിവാദമാവുകയും ദീപ് സിദ്ധുവിനെതിരേ കര്‍ഷകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ സിദ്ധു പ്രക്ഷോഭത്തിനിടെ ട്രാക്ടറില്‍ നിന്ന് ഇറങ്ങിയോടി. കര്‍ഷകര്‍ തടഞ്ഞുവച്ചതോടെ ഇയാള്‍ ട്രാക്ടറില്‍ നിന്ന് ഇറങ്ങിയോടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പോലിസിന്റെ കണ്‍മുമ്പില്‍ നിന്നാണ് ഇയാള്‍ ഇറങ്ങിയോടിയത്. സിദ്ധുവിനെ ഇതുവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

സിദ്ധുവിന്റെ രണ്ട് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡി അടക്കമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.

ട്രാക്ടറില്‍ കര്‍ഷകര്‍ വളഞ്ഞ വേളയിലാണ് സിദ്ധു വാഹനത്തില്‍ നിന്നിറങ്ങിയത്. പിന്നീട് അടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.

പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി സിദ്ധു മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്. അക്രമം നടത്താന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നതായും നേതാക്കള്‍ ആരോപിക്കുന്നു. ദീപ് സിദ്ധുവിനെ ആര്‍എസ്എസ് ഏജന്റ് എന്നാണ് സംയുക്ത് കിസാന്‍ മോര്‍ച്ച വിശേഷിപ്പിച്ചത്.

അതേസമയം, സിദ്ധുവിനെ കാണാനില്ലെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ധുവിനെതിരേ പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നോര്‍ത്ത് ജില്ലയിലെ കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാതന സ്മാരകങ്ങളില്‍ അധിക്രമിച്ച് കടന്നതിനും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭത്തില്‍ ഇതുവരെ 25 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചു. ട്രാക്ടര്‍ റാലിക്കിടേയുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചത്.

Tags:    

Similar News