ബാലാകോട്ടിലെ തിരിച്ചടി: മരണസംഖ്യയേപ്പറ്റി ഔദ്യോഗിക കണക്കുകള്‍ ഇല്ലെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയത്.ബാലാകോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാകിസ്താനില്‍ ബാലാകോട്ടില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നാണ് നിര്‍മല വ്യക്തമാക്കിയത്. വിഷയത്തില്‍ ആദ്യമായിട്ടാണ് മന്ത്രി പ്രതികരിക്കാന്‍ തയ്യാറാവുന്നത്.
ബാലാകോട്ട് വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാരിന്റെ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ കുറിപ്പിലൂടെ അന്ന് തന്നെ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയത്.ബാലാകോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 26ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വന്‍ ആളനാശമുണ്ടായി എന്നായിരുന്നു അന്നു വിദേശകാര്യ സെക്രട്ടറി പറഞ്ഞത്.
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം. ബാലാകോട്ട് വ്യോമാക്രണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.എന്നാല്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായ ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാകും അമിത് ഷാ പറഞ്ഞതെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ബാലാകോട്ട് ആക്രമണത്തിന്റെ തെളിവ് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും വ്യോമസേന മേധാവിയില്‍ വിശ്വാസമുണ്ടെന്നും മുന്‍പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിച്ചു.