അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ തുരത്തി, ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയില്ല; പ്രതിരോധമന്ത്രി ലോക്‌സഭയില്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ശ്രമം നടത്തിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന പ്രതിരോധിച്ച് തുരത്തി. ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ പ്രതിരോധിച്ചത്. അതിര്‍ത്തി കടക്കാന്‍ വന്ന ചൈനീസ് സേനയെ അവരുടെ പോസ്റ്റുകളിലേക്ക് തിരികെ അയക്കാന്‍ സേനയ്ക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഏറ്റുമുട്ടലില്‍ ഇരുരുഭാഗത്തും ചില സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈനികരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സൈന്യത്തിന്റെ വീരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് തവാങ് മേഖലയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍മാറുകയാണുണ്ടായത്. രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ല.
ഒരിഞ്ച് ഭുമി പോലും വിട്ടുകൊടുക്കില്ല. ഏത് തരത്തിലുള്ള വെല്ലുവിളി നേരിടാനും സൈന്യം പൂര്‍ണസജ്ജമാണ്. സൈന്യത്തെ അഭിനന്ദിച്ച മന്ത്രി, പാര്‍ലമെന്റ് ഒറ്റക്കെട്ടായി സേനയോടൊപ്പം നില്‍ക്കണമെന്നും കൂട്ടിചേര്‍ത്തു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് മനീഷ് തിവാരി എംപി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ സൈനികര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ റൂളിങ് നടത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മണിക്കാണ് സഭയില്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താന്‍ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടുമണിക്കുള്ള പ്രസ്താവന 12.30 ന് ആക്കണമെന്ന് സര്‍ക്കാര്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. ചൈനീസ് വിഷയത്തില്‍ ബഹളംവച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നു.
ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയില്‍ വരുന്നതിലാണ് കോണ്‍ഗ്രസിന്റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005- 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഡിസംബര്‍ 9നാണ് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലാണ് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ സൈന്യം ഇതിനെ പ്രതിരോധിച്ചതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്ന് സൈനിക മേധാവികള്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.