പഠനത്തിനും ജോലിക്കുമായി വിസ നല്‍കുന്നത് പരിഗണിക്കണം; ചൈനയോട് ഇന്ത്യ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ചൈനീസ് കൊവിഡ് വാക്‌സിനുകള്‍ കുത്തിവയ്ക്കണമെന്ന് കഴിഞ്ഞ മാസം ചൈന നിര്‍ദ്ദേശിച്ചിരുന്നു.
ന്യൂഡല്‍ഹി: പഠനത്തിനും ജോലിക്കുമായി ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ നല്‍കുന്നത് പരിഗണിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ചൈനീസ് എംബസി നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാണെന്നും ഇന്ത്യ അറിയിച്ചു.ഇന്ത്യക്കാര്‍ക്കായി ചൈനയിലേക്ക് യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ചൈനീസ് കൊവിഡ് വാക്‌സിനുകള്‍ കുത്തിവയ്ക്കണമെന്ന് കഴിഞ്ഞ മാസം ചൈന നിര്‍ദ്ദേശിച്ചിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ യാത്രികര്‍ പാലിച്ചിട്ടുണ്ടെങ്കിലും വിസ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. നേരിട്ടുള്ള ഫ്‌ളൈറ്റുകളുടെ അഭാവത്തില്‍, കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല, അതേസമയം ചൈനീസ് പൗരന്മാരും യാത്രക്കാരും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ''ചൈനയുടെയോ ചൈനീസ് വിസകളുടെയോ പ്രത്യേക സാഹചര്യത്തില്‍, നിലവില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് വിമാന മാര്‍ഗം ഇല്ലാതിരുന്നിട്ടും ഇന്ത്യയിലേക്ക് പോകാന്‍ കഴിയും, എന്നിരുന്നാലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൈനയിലേക്കുള്ള യാത്ര കഴിഞ്ഞ നവംബര്‍ മുതല്‍ സാധ്യമല്ല,'' വിദേശകാര്യ മന്ത്രാലയം (എം.ഇ.എ.) വക്താവ് പറഞ്ഞു.