ഡല്‍ഹി കോടതിയിലെ ലാപ്‌ടോപ്പ് സ്‌ഫോടനം: ലക്ഷ്യമിട്ടത് അയല്‍വാസിയായ അഭിഭാഷകനെ; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

Update: 2021-12-18 10:58 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രോഹിണി ജില്ലാ കോടതിയില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റിലായി. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഭരത് ഭൂഷണ്‍ കതാരിയാണ് അറസ്റ്റിലായതെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ വസതിയില്‍നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതായും പോലിസ് അറിയിച്ചു. അഭിഭാഷകന്റെ വേഷത്തില്‍ കോടതിയില്‍ കയറിയ ഇയാള്‍ സ്‌ഫോടനത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

അയല്‍വാസിയായ അഭിഭാഷകനോടുള്ള വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവദിവസം രോഹിണി കോടതിയിലെത്തിയ 1,000 വാഹനങ്ങള്‍ സ്‌പെഷ്യല്‍ സെല്‍ സംഘം പരിശോധിച്ചു. കൂടാതെ 100ലധികം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താന മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന ഹിയറിങ്ങുകളും കോടതി സന്ദര്‍ശിച്ചവരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. മൂന്ന് തെളിവുകളാണ് കേസിലെ ഇയാളുടെ ബന്ധത്തിലേക്ക് വിരല്‍ചൂണ്ടിയത്.

സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ബാഗുമായും ഇത് ഇല്ലാതെയുമുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ലക്ഷ്യംവച്ചിരുന്ന അഭിഭാഷകന്‍ സംഭവം നടക്കുമ്പോള്‍ കോടതിമുറിക്കുള്ളിലുണ്ടായിരുന്നു. ബാഗിലെ ലോഗോ ഇയാളുടെ അടുത്ത ബന്ധു ജോലിചെയ്യുന്ന കമ്പനിയുടേതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെയാണ് പ്രതി കുടുങ്ങിയത്. അഭിഭാഷകനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. കത്താരിയയും അയല്‍വാസിയും അഭിഭാഷകനുമായ അമിത് വസിഷ്ഠും തമ്മില്‍ പഴയ തര്‍ക്കമുണ്ടായിരുന്നു.

ജലവിതരണം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പരസ്പരം നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരേ അഭിഭാഷകന്‍ പത്ത് കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്. ഇതോടെയാണ് സ്‌ഫോടനം ആസുത്രണം ചെയ്തത്. അന്ന് കോടതിയില്‍ ഹാജരായ വസിഷ്ഠനെ കൊലപ്പെടുത്താന്‍ കതാരിയ കോടതിയില്‍ സ്‌ഫോടകവസ്തു വയ്ക്കുകയായിരുന്നു. പ്രതി എങ്ങനെയാണ് കോടതി വളപ്പിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച റിമോട്ടും മറ്റ് ചില വസ്തുക്കളും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴിയാണ് പ്രതി വാങ്ങിയതെന്ന് പോലിസ് കണ്ടെത്തി. അമോണിയം നൈട്രേറ്റാണ് സ്‌ഫോടകവസ്തു തയ്യാറാക്കാന്‍ ഉപയോഗിച്ചത്. ഇതിനുള്ള മെറ്റീരിയല്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഡിറ്റണേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചില്ലെന്നും അല്ലാത്തപക്ഷം ഇതിലും വലിയ സ്‌ഫോടനമാവുമായിരുന്നെന്നും പോലിസ് പറയുന്നു. ഈമാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102ാം കോടതിമുറിയില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം. രണ്ട് ചെറിയ സ്‌ഫോടനങ്ങളാണ് കോടതിമുറിയിലുണ്ടായത്.

Tags:    

Similar News