ഡല്‍ഹി കോടതിയിലെ ബോംബ് സ്‌ഫോടനം; അറസ്റ്റിലായ ശാസ്ത്രജ്ഞന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രോഹിണി കോടതിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞന്‍ പോലിസ് കസ്റ്റഡിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭരത് ഭൂഷണ്‍ കടാരിയ (47) ആണ് ശുചിമുറിയില്‍ ഹാന്‍ഡ് വാഷ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കടാരിയയെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലിസ് അറിയിച്ചു. അയല്‍വാസിയായ അഭിഭാഷകനെ കൊല്ലാനാണ് രോഹിണി കോടതിക്കുള്ളില്‍ ഇയാള്‍ ടിഫിന്‍ ബോക്‌സില്‍ സ്‌ഫോടക വസ്തു വച്ചത്.
ഡിസംബര്‍ ഒമ്പതിനായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ ഒരു പോലിസുകാരന് പരിക്കേറ്റിരുന്നു. കടാരിയയുടെ അയല്‍ക്കാരനും ആ സമയത്ത് കോടതിയിലുണ്ടായിരുന്നു. രണ്ട് ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ് ബാഗ് ഉപേക്ഷിച്ചാണു മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മിച്ചതിലെ അപാകത കാരണം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പോലിസ് കസ്റ്റഡിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു. അശോക് വിഹാറില്‍ കടാരിയയുടെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് അഭിഭാഷകന്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. അഭിഭാഷകനെതിരേ കടാരിയ അഞ്ച് കേസുകളും കടാരിയയ്‌ക്കെതിരേ അഭിഭാഷകന്‍ ഏഴ് കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.