ഡ്രോണുകള്‍, ഡോഗ്‌സ്‌ക്വാഡ്; പൂനെ ബലാല്‍സംഗക്കേസിലെ പ്രതിക്കു വേണ്ടി പോലിസ് വല വിരിച്ചതിങ്ങനെ

Update: 2025-02-28 05:42 GMT
ഡ്രോണുകള്‍, ഡോഗ്‌സ്‌ക്വാഡ്; പൂനെ ബലാല്‍സംഗക്കേസിലെ പ്രതിക്കു വേണ്ടി പോലിസ് വല വിരിച്ചതിങ്ങനെ

പൂനെ: പൂനെ ബലാല്‍സംഗക്കേസിലെ പ്രതിക്കുവേണ്ടി പോലിസ് വല വിരിച്ചത് വളരെ സാഹസികമായി.  75 മണിക്കൂര്‍ നീണ്ട പിന്തുടരലിനൊടുവിലാണ് പ്രതി ദത്താത്രേ ഗേഡിനെ പോലിസ് പിടികൂടിയത്. പൂനെ ജില്ലയിലും പുറത്തുമായി ഡ്രോണുകളും 100-ലധികം പോലിസ് സംഘങ്ങളും അടങ്ങുന്ന 13 പോലിസ് സംഘങ്ങളും വിന്യസിച്ചാണ് ഗാഡെയ്ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചത്.

വ്യാഴാഴ്ച രാത്രി 10:30 ന് ബന്ധു വീട്ടില്‍ എത്തിയതാണ് പ്രതിയെ പിടിക്കാനുള്ള അവസാന ഘട്ടത്തിലേക്ക് നയിച്ചത്. അവിടെ വച്ച് അയാള്‍ മാറ്റിയ ഷര്‍ഷിട്ടിന്റെ ഗന്ധം പിടിച്ച നായ്ക്കള്‍ ബന്ധുക്കളുടെ വീടിനടുത്തുള്ള കനാലിനടുത്തെ കരിമ്പിന്‍ തോട്ടത്തില്‍ മറഞ്ഞിരുന്ന പ്രതിയിലേക്ക് എത്തുകയായിരുന്നു.

2019-ല്‍, പൂനെ-അഹല്യനഗര്‍ റൂട്ടില്‍ ടാക്‌സി ഓടിച്ചിരുന്ന ഇയാള്‍ പ്രായമായ സ്ത്രീകള്‍ക്ക് പലപ്പോഴും തന്റെ കാറില്‍ ലിഫ്റ്റ് കൊടുക്കും. ശേഷം അവര്‍ അകത്തു കടന്നാല്‍, അയാള്‍ അവരെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകും.കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, അവരുടെ ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ശേഷം അവരെ ഉപേക്ഷിച്ച് കടന്നു കളയും ചെയ്യുമായിരുന്നു. 2020-ല്‍, ഷിരൂറിനടുത്തുള്ള കര്‍ഡെ ഘട്ടില്‍ നടന്ന കവര്‍ച്ചയ്ക്ക് അയാള്‍ക്ക് അഞ്ച് മുതല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഗാഡെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇയാള്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു, ഈ നേതാവിനൊപ്പമുള്ള നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൂടാതെ, ഗുണത് ഗ്രാമത്തിലെ സംഘര്‍ഷ്-മുക്തി സമിതിയില്‍ ഒരു സീറ്റിലേക്ക് മല്‍സരിക്കുകയും പരാജയപെടുകയുമായിരുന്നു. സ്വാര്‍ഗേറ്റ് ബസ് ഡിപ്പോയില്‍ പലപ്പോഴും പോലിസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് ചുറ്റിത്തിരിഞ്ഞിരുന്ന ഇയാള്‍ ബലാല്‍സംഗം ചെയ്ത അന്നും പെണ്‍കുട്ടിയോട് പോലിസ് ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്നുണ്ടായ ജനരോഷത്തെതുടര്‍ന്ന് , സ്വാര്‍ഗേറ്റിലെ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് സൂപ്രണ്ടിനും ബസ് ഡിപ്പോ മാനേജര്‍ക്കും വകുപ്പുതല അന്വേഷണത്തിന് മഹാരാഷ്ട്രയിലെ ഗതാഗത മന്ത്രി പ്രതാപ് സര്‍നായക് ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ ബസ് ഡിപ്പോകളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ഉത്തരവിടുകയും ഏപ്രില്‍ 15 നകം എല്ലാ അനധികൃത ബസുകളും ഗതാഗത അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങളും ഡിപ്പോകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ ബസ് സ്റ്റാന്‍ഡുകളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഗാര്‍ഡുകളെ വിന്യസിക്കണമെന്ന് സര്‍നായിക് ആവശ്യപ്പെട്ടു. കൂടാതെ, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംഎസ്ആര്‍ടിസി) ഒഴിവുള്ള ചീഫ് സെക്യൂരിറ്റി ആന്‍ഡ് വിജിലന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഒരു ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനെ നിയമിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

Tags:    

Similar News