ഡല്‍ഹിയില്‍ ഗോഡൗണിന്റെ മതില്‍ ഇടിഞ്ഞ് വീണു; അഞ്ച് പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഗോഡൗണിന്റെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അലിപൂര്‍ മേഖലയിലാണ് സംഭവം. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റ ഒമ്പത് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഗോഡൗണിന്റെ വിസ്തീര്‍ണം 5,000 ചതുരശ്ര മീറ്ററാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Alipur wall collapse, Delhi | Of the 10 people rescued, 4 dead. The injured have been sent to the hospital. Rescue operation continues as some more people are feared trapped: Delhi Police pic.twitter.com/XwQccfjxZf
— ANI (@ANI) July 15, 2022
അതേസമയം, മതില്‍ തകര്‍ന്നതിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 'വളരെ ദാരുണമായ സംഭവമാണ് അലിപൂരില്‍ നടന്നത്. ജില്ലാ ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,- കെജ്‌രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.