ചേരിനിവാസികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകളില്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ ഉപയോഗിച്ച് ബിജെപി; പ്രതികരണവുമായി എഴുത്തുകാരന്‍

മോദി അടക്കമുള്ള നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ തമിഴ് ഏഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചിത്രവും ഇടംപിടിച്ചത്.

Update: 2021-12-01 07:35 GMT

ന്യൂഡല്‍ഹി/ചെന്നൈ: ഡല്‍ഹിയിലെ ചേരിനിവാസികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകളില്‍ പ്രമുഖ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ അബദ്ധത്തില്‍ ഉപയോഗിച്ച ബിജെപി വെട്ടിലായി. മോദി അടക്കമുള്ള നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ തമിഴ് ഏഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചിത്രവും ഇടംപിടിച്ചത്. ജുഗ്ഗി സമ്മാന്‍ യാത്ര എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററിലാണ് പെരുമാള്‍ മുരുകന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

വലിയ പോസ്റ്ററുകള്‍ നഗരത്തിലെമ്പാടും സ്ഥാപിക്കുകയും ഡല്‍ഹി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നിരവധി പേര്‍ വിമര്‍ശവുമായി മുന്നോട്ട് വന്നതോടെ ഡിസൈന്‍ ടീമിനോട് വിശദീകരണം ചോദിക്കുമെന്ന് ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജന്‍ തിവാരി പറഞ്ഞു.

അതേസമയം, താനും തെരുവില്‍ നിന്ന് വന്നയാളാണെന്നും അതിനാല്‍ ചേരി നിവാസികള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.

ബിജെപിയുടെയും ഹിന്ദുത്വ സംഘടനകളുടെയും ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയതാണ് പെരുമാള്‍ മുരുകന്‍. ഡല്‍ഹിയിലെ ചേരിപ്രദേശിങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ബിജെപിയുടെ പരിപാടിയാണ് ജുഗ്ഗി സമ്മാന്‍ യാത്ര. ജെപി നദ്ദ അടക്കമുള്ള നേതാക്കളാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

മുമ്പ് യുപിയില്‍ നിര്‍മിക്കാന്‍ പോകുന്ന വിമാനത്താവളമെന്ന പേരില്‍ കേന്ദ്രമന്ത്രിമാര്‍ വരെ പങ്കുവച്ചത് ചൈനീസ് വിമാനത്താവള ചിത്രമായിരുന്നു.

Tags:    

Similar News