പൗരത്വ പ്രക്ഷോഭം: ഇഷ്‌റത് ജഹാന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
സമാനമായ കേസില്‍ 2020 മാര്‍ച്ച് 21 ന് ഇഷ്‌റതിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ക്രൈം ബ്രാഞ്ച് മറ്റൊരു കേസില്‍ അവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത സിഎഎ-എന്‍ആര്‍സി വിരുദ്ധ ആക്ടിവിസ്റ്റും കോണ്‍ഗ്രസ്സ് മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ഇഷ്‌റത് ജഹാന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അവരുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ ജാമ്യം അനുവദിച്ചത്. ജൂണ്‍ 10 മുതല്‍ ജൂണ്‍ 19 വരെയാണ് ഇടക്കാല ജാമ്യം.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ രണ്ടാളുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.
സമാധാനപരമായ സമരങ്ങളേയാണ് താന്‍ പിന്തുണച്ചതെന്നും ഡല്‍ഹി കലാപത്തിന്റെ പേരില്‍ താന്നെ വ്യാജമായി പ്രതിചേര്‍ക്കുകയായിരുന്നെന്നും ഇഷ്‌റത് ജഹാന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സമാനമായ കേസില്‍ തനിക്ക് ഇതിനകം ജാമ്യം ലഭിട്ടിട്ടുണ്ടെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.
സമാനമായ കേസില്‍ 2020 മാര്‍ച്ച് 21 ന് ഇഷ്‌റതിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ക്രൈം ബ്രാഞ്ച് മറ്റൊരു കേസില്‍ അവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തനിക്ക് നേരത്തെ ജാമ്യം അനുവദിച്ചതാണെന്നും അന്വേഷണ ഏജന്‍സി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഇഷ്‌റത് ജഹാന്‍ ഫെബ്രുവരി 26 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും മാര്‍ച്ച് 21 മുതല്‍ നിലവിലെ കേസില്‍ പോലിസ്-ജുഡീഷ്യല്‍ കസ്റ്റഡിയിലും ആണ്.
താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരേ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇഷ്‌റത് വാദിച്ചു. അതേസമയം, പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ ഇഷ്‌റത് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തില്‍ അക്രമികളെ ഇളക്കിവിട്ടതെന്ന് അന്വേഷണ ഏജന്‍സി ആരോപിച്ചു. പൗരത്വ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത നിരവധി ആക്ടിവിസ്റ്റുകളേയാണ് ഡല്‍ഹി പോലിസ് ലോക്ക് ഡൗണിന്റെ മറവില്‍ അറസ്റ്റ് ചെയ്തത്. നിരവധി പേര്‍ക്കെതിരേ യുഎപിഎ ചുമത്തി. അതേസമയം, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.