കൊറോണ മുക്തയായ ഡോക്ടറെ അയല്‍വാസി വീട്ടില്‍ പൂട്ടിയിട്ടു
സംഭവത്തില്‍ മനീഷ് എന്നയാള്‍ക്കെതിരേ ഡോക്ടറുടെ പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്
ന്യൂഡല്‍ഹി: കൊറോണ രോഗമുക്തി നേടിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴ്ചയാണു സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19 രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതിനിടെയാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് ചികില്‍സ തേടുകയും രോഗമുക്തി നേടി വീട്ടിലെത്തുകയുമായിരുന്നു. ഈ സമയം അയല്‍വാസിയെത്തി മറ്റെവിടെയെങ്കിലും താമസിക്കണമെന്ന് ആവശ്യപ്പെട്ടു. വനിതാ ഡോക്ടറെ അധിക്ഷേപിക്കുകയും തുടര്‍ന്ന് വീട്ടിനുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. ഡോക്ടര്‍ തനിച്ചാണ് താമസം. സംഭവത്തില്‍ മനീഷ് എന്നയാള്‍ക്കെതിരേ ഡോക്ടറുടെ പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്.
വൈകീട്ട് 4.30 ഓടെ മനീഷ് വന്ന് തന്നെ അധിക്ഷേപിക്കുകയായിരുന്നു. ഞാന്‍ കൊറോണ പോസിറ്റീവാണെന്നും ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. രണ്ടു തവണ താന്‍ നെഗറ്റീവ് ആണെന്ന റിപോര്‍ട്ട് ലഭിച്ചെന്നും കൊവിഡ് കേന്ദ്രത്തില്‍ നിന്ന് വിട്ടയച്ചതാണെന്നും അദ്ദേഹത്തോട് വിശദീകരിച്ചെങ്കിലും ശകാരം തുടര്‍ന്നുവെന്ന് ഡോക്ടര്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നിട്ട് പൂട്ടിയിട്ട ശേഷം നിങ്ങള്‍ എങ്ങനെ പുറത്തുകടക്കുമെന്ന് കാണാമെന്നും ഇപ്പോള്‍ സ്ഥലം വിടേണ്ടിവരുമെന്നും ഇഷ്ടമുള്ളവരെ വിളിച്ചോളൂവെന്നും പറഞ്ഞു.
നേരത്തെയും കൊറോണ വൈറസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ പലയിടത്തും ആക്രമണമുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ മാസം പ്രതീകാത്മക പ്രതിഷേധം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം കൊവിഡ് 19 ബാധിച്ച് മരിച്ച ആന്ധ്രയില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മൃതദേഹം ചെന്നൈ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചിരുന്നില്ല. കൊറോണ വൈറസ് ബാധിച്ച് മരിച്ച 69 കാരനായ ഡോക്ടറുടെ അന്ത്യകര്‍മങ്ങള്‍ അനുവദിക്കാന്‍ മേഘാലയയിലെ ഷില്ലോങിലും ജനക്കൂട്ടം തടസ്സം നിന്നിരുന്നു.