ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു; ആം ആദ്മി എംഎല്‍എയെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ്
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിയും കൂട്ടാളി കപില്‍ നഗറും തന്നില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ തന്റെ ബിസിനസ് താല്‍പര്യങ്ങളെ ലക്ഷ്യം വച്ചതായും രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തി.
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ ഉപദ്രവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നെബ് സരായ് പ്രദേശത്ത് താമസിക്കുന്ന 52കാരനായ ഡോ. രാജേന്ദ്ര സിംഗാണ് അദ്ദേഹം താമസിക്കുന്ന വാടകക്കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിയും കൂട്ടാളി കപില്‍ നഗറും തന്നില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ തന്റെ ബിസിനസ് താല്‍പര്യങ്ങളെ ലക്ഷ്യം വച്ചതായും രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തി. രാജേന്ദ്ര സിംഗ് വാട്ടര്‍ ടാങ്കര്‍ സര്‍വീസ് നടത്തിയിരുന്നു.
ഡല്‍ഹി ജല ബോര്‍ഡിന് രാജേന്ദ്ര സിംഗ് ടാങ്കറുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിനായി പ്രകാശ് ജര്‍വാള്‍ പണം ആവശ്യപ്പെട്ടതായും നല്‍കാതിരുന്നതോടെ ഡല്‍ഹി ജല ബോര്‍ഡില്‍നിന്ന് തന്റെ ടാങ്കറുകള്‍ നീക്കം ചെയ്തതായും അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ വിവരിക്കുന്നുണ്ട്.
തനിക്ക് വധഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എയിംസിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു. എംഎല്‍എയ്ക്കും കൂട്ടാളിക്കും എതിരേ പിടിച്ചുപറി, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.