വ്യവസായിയെ വധിക്കാനുള്ള പദ്ധതി പൊളിച്ചു; നാലംഗ അക്രമിസംഘത്തെ ഏറ്റുമുട്ടലിലൂടെ കീഴടക്കി ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: വ്യവസായിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുള്ള യാത്രാമധ്യേ നാലംഗ അക്രമിസംഘത്തെ പോലിസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി. പശ്ചിമ ഡല്‍ഹിയിലെ ജാഫര്‍പൂര്‍ കലാന്‍ പ്രദേശത്തായിരുന്നു സംഭവം. പ്രാദേശിക ഗ്യാങ്ങില്‍പ്പെട്ട നാലംഗ അക്രമിസംഘം നഗരത്തിലെ ഒരു വ്യവസായിയെ കൊലപ്പെടുത്താനുള്ള യാത്രയിലായിരുന്നുവെന്ന് പോലിസ് പറയുന്നു. വിവരമറിഞ്ഞ പോലിസ് സംഘം ഇവരെ തടയാന്‍ ശ്രമിച്ചു. ഇതോടെ ബൈക്കുകളിലെത്തിയ അക്രമിസംഘം പോലിസിനെ വെല്ലുവിളിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ വിഭാഗം തിരിച്ചും വെടിവച്ചു. ഇരുകൂട്ടരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ അക്രമികളില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. അക്രമികളില്‍ നാലുപേരെയും പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. പോലിസിന്റെ കൈയില്‍പ്പെട്ടതോടെ വ്യവസായിയെ കൊലപ്പെടുത്താനുള്ള അക്രമികളുടെ പദ്ധതി വിഫലമാവുകയും ചെയ്തു. പിടിയിലായവര്‍ നന്ദു ഗ്യാങ്ങില്‍പ്പെട്ടവരാണെന്നും ഇവര്‍ ഒരു വ്യവസായിയെ കൊല്ലാന്‍ നജാഫ്ഗഡ് എന്ന പ്രദേശത്തേക്ക് പോവുകയായിരുന്നുവെന്നും പോലിസിനോട് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.