ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരേ രാജ്യദ്രോഹ കേസ്
ഇന്ത്യയില്‍ നടക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡല്‍ഹി ജോയിന്റ് പോലിസ് കമീഷണര്‍ നീരജ് താക്കൂറാണ് സഫറുല്‍ ഇസ്‌ലാം ഖാനെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, കേസിനെ കുറിച്ച് പ്രതികരിക്കാന്‍ സഫറുല്‍ ഖാന്‍ തയാറായില്ല. എഫ്‌ഐആര്‍ താന്‍ കണ്ടിട്ടില്ലെന്നും കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സഫറുല്‍ ഇസ് ലാം ഖാന്റെ ട്വീറ്റിനെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞിരുന്നു.