'ഇപ്പോഴാണ് ശരിക്കും ഷോക്കടിച്ചത്'!; അമിത് ഷായെ വിമര്‍ശിച്ച് എഎപിയുടെ അമാനത്തുല്ല ഖാന്‍

പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗി ഉള്‍പ്പടെ മുഖ്യമന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ടും കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ രണ്ടക്കം കടക്കാന്‍ സാധിക്കാത്തതിലുളള ഞെട്ടലിലാണ് ബിജെപി.

Update: 2020-02-12 02:22 GMT

ന്യൂഡല്‍ഹി: ശാഹീന്‍ ബാഗില്‍ ഷോക്കടിക്കുന്ന തരത്തിലുള്ള രോഷത്തോടെ വോട്ടിംഗ് മെഷീനിലെ ബട്ടണ്‍ അമര്‍ത്തണം എന്ന് പ്രസംഗിച്ച അമിത് ഷായെ വിമര്‍ശിച്ച് ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയിലെ എഎപി സ്ഥാനാര്‍ത്ഥി അമാനത്തുല്ലാ ഖാന്‍. 'ഇപ്പോഴാണ് ശരിക്കും ഷോക്കടിച്ചത്'! എന്നായിരുന്നു ഖാന്റെ ട്രോള്‍. 77,000ല്‍ അധികം വോട്ടിന്റെ കൂറ്റന്‍ ഭൂരപക്ഷത്തോടെ വിജയിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗി ഉള്‍പ്പടെ മുഖ്യമന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ടും കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ രണ്ടക്കം കടക്കാന്‍ സാധിക്കാത്തതിലുളള ഞെട്ടലിലാണ് ബിജെപി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് ബിജെപി രണ്ടക്കം കടക്കും എന്നായിരുന്നു. എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ആം ആദ്മി പാര്‍ട്ടി ബിജെപിയെ രാജ്യതലസ്ഥാനത്ത് നിഷ്പ്രഭരാക്കിയിരിക്കുകയാണ്.

പൗരത്വ നിയമത്തിന് എതിരെയുളള സമരത്തിന്റെ പ്രതീകമായ ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 'ഓഖ്‌ലയിലെ ജനം ഇലക്ട്രിക് ഷോക്ക് നല്‍കിയിരിക്കുന്നു' എന്നാണ് അമാനത്തുല്ലയുടെ പ്രതികരണം. ശാഹീന്‍ ബാഗിന് എതിരെ അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ പ്രചാരണത്തിനിടെ വ്യാപകമായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. അതിന് പിന്നാലെ സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് പോലുമുണ്ടായി. ശാഹീന്‍ ബാഗില്‍ ഷോക്കടിക്കുന്ന തരത്തിലുളള രോഷത്തോടെ വോട്ടിംഗ് മെഷീനിലെ ബട്ടണ്‍ അമര്‍ത്തണം എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതിനുളള ചുട്ടമറുപടിയാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഓഖ്‌ലയിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി മുന്നേറ്റം നടത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും പിന്നീട് അമാനത്തുല്ല ഖാന്‍ ശക്തമായി തിരിച്ച് വരികയായിരുന്നു. ബിജെപിയുടെ ബ്രഹം സിംഗിനെ ആണ് അമാനത്തുല്ല ഖാന്‍ തോല്‍പ്പിച്ചിരിക്കുന്നത്. ഓഖ്‌ലയിലെ സിറ്റിംഗ് എംഎല്‍എയാണ് ഖാന്‍. 2015ലെ തിരഞ്ഞെടുപ്പില്‍ അമാനത്തുല്ലയുടെ വിജയം 64,000ത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ആ റെക്കോര്‍ഡാണ് ഇക്കുറി തകര്‍ത്തിരിക്കുന്നത്.

Tags:    

Similar News