ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു
ഉത്തരവ് 'തിരുത്തികൊണ്ടിരിക്കുകയാണെന്നും' ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വധി പറയുമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ഡല്‍ഹി കോടതി മൂന്നാം തവണയും മാറ്റിവച്ചു.
ഉത്തരവ് 'തിരുത്തികൊണ്ടിരിക്കുകയാണെന്നും' ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വധി പറയുമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മൂന്നിന് കോടതി വിധി പറയാന്‍ മാറ്റിവച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഖാലിദിന്റെ ജാമ്യാപേക്ഷ മാറ്റിവെക്കുന്നത്.
ജാമ്യാപേക്ഷയില്‍ മാര്‍ച്ച് 14ന് ആയിരുന്നു ആദ്യം വിധി പറയേണ്ടിയിരുന്നത്. എന്നാല്‍, കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കോടതി ഹരജിയില്‍ വിധി പറയുന്നത് മാര്‍ച്ച് 21 ലേക്ക് മാറ്റി. കോടതി വിധി പറയാന്‍ തയ്യാറല്ലെന്ന് ജസ്റ്റിസ് റാവത്ത് പറഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ച് 23 ലേക്ക് മാറ്റുകയായിരുന്നു.
2020 ഫെബ്രുവരി 23 നും ഫെബ്രുവരി 26 നും ഇടയില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട അതിക്രമങ്ങളില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.