ദേവസ്വം മന്ത്രിക്ക് അയിത്തം നേരിട്ടത് കണ്ണൂരിലെ ശിവക്ഷേത്രത്തില്‍

Update: 2023-09-19 06:10 GMT

കണ്ണൂര്‍: ക്ഷേത്രത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ അയിത്തം നേരിട്ടെന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. സിപിഎം നേതാവും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് തനിക്കു നേരിട്ട അയിത്തം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാല്‍, എവിടെ വച്ചാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നില്ല. ഇതോടെ സംഭവം നടന്ന ക്ഷേത്രത്തെ കുറിച്ചും ചര്‍ച്ചയായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെ ക്ഷേത്രത്തിലാണ് ജാതി വിവേചനം നേരിട്ടതെന്നാണ് റിപോര്‍ട്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തിലാണ് സംഭവം.

    ഈ വര്‍ഷം ജനുവരി 26ന് ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരിമാര്‍ വിളക്കു കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെ വയ്ക്കുകയായിരുന്നു. പിന്നാക്ക ജാതിയില്‍പെട്ടയാള്‍ ആയതിനാലാണ് മന്ത്രി രാധാകൃഷ്ണന് കൊടുക്കാതെ താഴെവച്ചത്. പിന്നീട്, താഴെനിന്ന് വിളക്കെടുത്ത് ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസര്‍ മന്ത്രിക്ക് നല്‍കിയെങ്കിലും മന്ത്രി അത് വാങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് സദസ്സില്‍വച്ച് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞെന്നും, ഞാന്‍ കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സദസ്സില്‍ സിപിഎം നേതാവും സ്ഥലം എംഎല്‍എയുമായ ടിഐ മധുസൂദനന്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും പ്രാദേശിക സിപിഎം നേതാവുമായ ടി പി സുനില്‍കുമാര്‍, നഗരസഭ ജനപ്രതിനിധികള്‍ തുടങ്ങിയവരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ദുരനുഭവം വെളിപ്പെടുത്തിയത്.

Tags:    

Similar News