ശബരിമല യുവതി പ്രവേശനം: നിലപാടിൽ മലക്കംമറിഞ്ഞ് സര്‍ക്കാരും ദേവസ്വം ബോർഡും

ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Update: 2020-01-09 07:30 GMT

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോർഡും പിന്നോട്ടുപോകുന്നു. ശാന്തമായ നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോർഡ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്.

ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേസ് ആദ്യം സുപ്രീം കോടതിയിൽ വന്നപ്പോഴും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്.പുനഃപരിശോധന ഹരജിയിൽ പുതിയ നിലപാട് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ആചാരസംരക്ഷണം വേണമെന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ദേവസ്വം ബോർഡ് നിലപാട് എടുക്കുമെന്ന് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി. 

കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെ നിലപാട് മാറ്റം വ്യക്തമാക്കുകയാണ് സർക്കാറും ബോർഡും. കേസിൽ ആരുടെയൊക്കെ വാദം കേൾക്കണമെന്ന് 13ന് കോടതി തീരുമാനിക്കാനിരിക്കെയാണ് നിർണ്ണായകമായ നീക്കങ്ങൾ.

Tags:    

Similar News