ശബരിമല യുവതി പ്രവേശനം: പുനപ്പരിശോധനാ ഹരജികള്‍ വിശാല ബെഞ്ച് ജനുവരിയില്‍ പരിഗണിക്കും

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹരികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറയുന്നു.

Update: 2019-12-21 14:22 GMT

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹരജികളില്‍ തീരുമാനമെടുക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ ഹരജികള്‍ പരിഗണിക്കും. നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി ഉടന്‍ കൈമാറണമെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹരജികളാണ് സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹരികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറയുന്നു.

വിധി നടപ്പിലാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അഞ്ചംഗ ബെഞ്ചായിരുന്നു ഹരജികള്‍ പരിഗണിച്ചിരുന്നത്. അതിനാല്‍, ആറ് പേപ്പര്‍ ബുക്കുകളാണ് ഹരജിക്കാര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തില്‍ നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണമെന്ന് നിര്‍ദേശിച്ചാണ് സുപ്രിംകോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കിയത്.

ചീഫ് ജസ്റ്റിസ് ഇതുവരെയും ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യവാരം ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ഭാഗമാവും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനു വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്നു കഴിഞ്ഞാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. 

Tags:    

Similar News