വെടിയുണ്ടകള്‍ കാണാതായ സംഭവം: 11 പോലിസുകാര്‍ക്കെതിരേ കേസ്

അന്വേഷണത്തില്‍ 7200 വെടിയുണ്ടകളാണ് കാണാതായതെന്നു കണ്ടെത്തി

Update: 2019-04-05 01:04 GMT

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ 11 പോലിസുകാര്‍ക്കെതിരേ കേസെടുത്തു. വെടിയുണ്ടകള്‍ സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന പോലിസുകാര്‍ക്കെതിരേയാണ് രണ്ടുവര്‍ഷത്തിന് ശേഷം കേസെടുത്തത്. 2016ല്‍ മലപ്പുറത്തെ എംഎസ്പി ഫയറിങ് റേഞ്ചില്‍ പരിശീലന വെടിവയ്പിനു പോയ എസ്എപിയിലെ പോലിസ് ട്രെയിനികള്‍ തിരികെയെത്തിയപ്പോള്‍ 400 തിരകള്‍ കാണാതായെന്നാണു കേസ്. 62 എംഎം റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളായിരുന്നു കാണാതായത്. എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് കെ ബി സന്തോഷിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ അന്വേഷണത്തില്‍ 7200 വെടിയുണ്ടകളാണ് കാണാതായതെന്നു കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അതിനുവേണ്ടി മൂന്ന് വര്‍ഷത്തെ രേഖകളും വെടിയുണ്ടകളുടെ കണക്കുകളും പരിശോധിച്ചെങ്കിലും വെടിയുണ്ടകള്‍ എവിടെയെന്നതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വെടിയുണ്ടകള്‍ സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതിലും പരിശോധന നടത്തുന്നതിലും എസ്എപി ക്യാമ്പിലെ 11 ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2017 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് അന്നത്തെ ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന് കൈമാറിയെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പേരൂര്‍ക്കട സ്‌റ്റേഷനില്‍ എസ്എപി കമാന്‍ഡന്റ് പരാതി നല്‍കിയത്. തുടര്‍ന്നാണ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 11 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്.




Tags:    

Similar News