'വിയോജിപ്പ് ജനാധിപത്യത്തിന്റെ മുഖമുദ്ര'; യോഗിയെ വിമര്‍ശിച്ച യുവാവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി

'സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് നമ്മുടേതുപോലുള്ള ലിബറല്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്, അത് ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണ്'. കോടതി വ്യക്തമാക്കി.

Update: 2020-12-26 10:41 GMT

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തയാള്‍ക്കെതിരെ യുപി പോലിസ് ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പോലിസിനെതിരേ കടുത്ത വിമര്‍ശനവും കോടതി ഉന്നയിച്ചു. വിയോജിപ്പ് ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വിലയിരുത്തി.

യുപിയിലെ ക്രമസമാധാന നില തകര്‍ന്നതിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത യശ്വന്ത് സിങിനെതിരേയാണ് യുപി പോലിസ് കേസെടുത്തത്. യുപിയില്‍ 'ജംഗിള്‍ രാജ്' ആണ് നടക്കുന്നതെന്നായിരുന്നു സിങിന്റെ ട്വീറ്റ്. ഇതിനെതിരേ ഐടി ആക്ടിലെ സെക്ഷന്‍ 66 ഡി, സെക്ഷന്‍ 500(മാനനഷ്ടം) വകുപ്പുകള്‍ പ്രകാരം യുപി സര്‍ക്കാര്‍ കേസെടുത്തു.

ഇതിനെതിരേ സിങ് സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പങ്കജ് നഖ്‌വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എഫ്‌ഐആര്‍ റദ്ദാക്കിയത്. 'സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് നമ്മുടേതുപോലുള്ള ലിബറല്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്, അത് ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണ്'. കോടതി വ്യക്തമാക്കി.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് സിംഗ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിയോജിപ്പിനുള്ള അവകാശം മൗലികാവകാശമാണെന്നും 'വിയോജിപ്പ് കുറ്റകൃത്യത്തിന് തുല്യമല്ല' എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ധര്‍മേന്ദ്ര സിംഗ് പറഞ്ഞു. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്താനുമുള്ള തെറ്റായ ഉദ്ദേശ്യത്തോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

സിംഗിനെതിരെ ചുമത്തിയിട്ടുള്ള രണ്ട് വകുപ്പുകളും ഈ കേസില്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി.

കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ 'തീവ്രവാദി' എന്ന് വിളിക്കുന്ന വീഡിയോ റീ ട്വീറ്റ് ചെയ്തതിന് കാണ്‍പൂരിലെ അഭിഭാഷകനായ അബ്ദുല്‍ ഹന്നാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഏപ്രില്‍ മാസത്തില്‍ ലഖ്‌നൗ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്കുശേഷം ജാമ്യത്തില്‍ വിട്ടു. യുപി സര്‍ക്കാരിനേയും യോഗിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് പതിവായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

Tags:    

Similar News