ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഡിഎംകെ; ഉവൈസിയുടെ വരവില്‍ ആശങ്ക

അതേസമയം, അഖിലേന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) 25 സീറ്റുകളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രഖ്യാപിച്ചത് ഡിഎംകെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

Update: 2021-03-07 07:04 GMT

ചെന്നൈ: സംസ്ഥാനത്തെ രണ്ടു പ്രബല മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെ കൂടെ നിര്‍ത്തി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അതിന്റെ നേതാവ് എം കെ സ്റ്റാലിനും. സംസ്ഥാനത്തെ രണ്ട് പ്രധാന മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗുമായും (ഐയുഎംഎല്‍) മക്കള്‍ മുന്നേറ്റ കഴകവുമായും (എംഎംകെ) ഉള്ള സഖ്യമാണ് ഡിഎംകെയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

അതേസമയം, അഖിലേന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) 25 സീറ്റുകളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രഖ്യാപിച്ചത് ഡിഎംകെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

2016ല്‍ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എഐഎംഐഎം മല്‍സരിക്കുകയും വണ്ണിയാംബടി നിയോജകമണ്ഡലത്തില്‍ നിന്ന് 10,000 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.

ഉവൈസിക്ക് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല, അദ്ദേഹത്തിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം തമിഴ്‌നാട്ടിലോ കേരളത്തിലോ പ്രവര്‍ത്തിക്കില്ലെന്നും ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

വടക്കന്‍ തമിഴ്‌നാട്ടില്‍ കൂടുതലുള്ള ഉര്‍ദു സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ ഉവൈസിയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും സ്വാധീനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഉവൈസിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ബ്രാന്‍ഡിനും തമിഴ്‌നാട്ടില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് എംഎംകെ നേതാവ് ജവഹറുല്ല ഐഎഎന്‍എസിനോട് പറഞ്ഞു. മാത്രമല്ല, മുസ് ലിം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ മാത്രമേ അദ്ദേഹത്തിന്റെ വരവ് സഹായിക്കു. അത് എഐഎഡിഎംകെ -ബിജെപി സഖ്യത്തെ സഹായിക്കലാവുമത്. ഈ ഭീഷണിയെക്കുറിച്ച് ഞങ്ങള്‍ മുസ്‌ലിംകളെ ബോധവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News