നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുത്'; കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2024-07-05 12:30 GMT

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു.

വലിയ തോതിലുള്ള ക്രമക്കേടുകള്‍ക്ക് തെളിവില്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ഹരജികളായിരുന്നു സുപ്രിംകോടതിയില്‍ എത്തിയത്. ഇതില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്രത്തിനും എന്‍.ടി.എയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമായ തീരുമാനമല്ല. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുകയാണ്. വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. ചെറിയ ക്രമക്കേടുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കരുതെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. നിരവധി വിദ്യാര്‍ഥികളും സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും എന്‍.ടി.എ പിരിച്ചുവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ള ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് നടന്നത്. ഈ സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷകളടക്കം കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിരുന്നു. ഇന്ന് പി.ജി പരീക്ഷയുടെ പുതിയ തിയ്യതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് യു.ജി കൗണ്‍സിലിങ് നാളെ ആരംഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം.



Tags:    

Similar News