ആത്തൂര്‍ തങ്ങള്‍ ആശുപത്രിയില്‍ നിന്ന് സമരമുഖത്തേക്ക്; ഈ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന് ഒഎംഎ സലാം

Update: 2021-12-17 16:05 GMT

മംഗലാപുരം: പോലിസിന്റെ അതിക്രൂരമായ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ആത്തൂര്‍ തങ്ങള്‍ ആശുപത്രി കിടക്കയില്‍ നിന്ന് വീണ്ടും സമരമുഖത്തേക്ക് എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

സംഘടനാ നേതൃത്വം വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആത്തൂര്‍ തങ്ങള്‍ മംഗലാപുരത്ത് നടന്ന പോപുലര്‍ ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ചിന്റെ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മംഗലാപുരം ഉപ്പിനങ്ങാടിയിലെ പോലിസ് നരനായാട്ടില്‍ തലക്ക് ഗുരുതരമായി മുറിവേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്നു ആത്തൂര്‍ തങ്ങള്‍. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്ന തരത്തില്‍ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തലയില്‍ നിന്ന് രക്തമൊലിച്ച് ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന്റേയും തലയിലേറ്റ വലിയ മുറിവിന്റേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഒരു അവസ്ഥയില്‍ നിന്നാണ് അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മംഗലാപുരത്ത് നടന്ന എസ്പി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.

ആത്തൂര്‍ തങ്ങളുടെ ധീരമായ നിലപാടിനെ പ്രശംസിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാം ട്വീറ്റ് ചെയ്തു. 'അദ്ദേഹത്തിന്റെ ശിരസ്സ് ഇപ്പോഴും ഉയര്‍ന്നിരിക്കുന്നു. രണ്ട് ദിവസം മുന്‍പ് നീതി ആവശ്യപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ മംഗലാപുരം പോലിസ് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കി. ഇത്തരത്തില്‍ നിശ്ചയദാര്‍ഢ്യവും സ്ഥിരോല്‍സാഹവും കൈമുതലായുള്ള ഒരു ജനതക്ക് മുന്നില്‍ വിജയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. ഒഎംഎ സലാം ട്വീറ്റ് ചെയ്തു.

മംഗലാപുരം ഉപ്പിനങ്ങാടിയിലെ പോലിസ് നരനായാട്ടിനെതിരേ ഇന്ന് ഉച്ചതിരിഞ്ഞാണ് പോപുലര്‍ ഫ്രണ്ട് എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ മംഗലാപുരം നഗരത്തില്‍ പോലിസ് ശക്തമായ പോലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മാര്‍ച്ച് തടയുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടനകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍, ആയിരങ്ങളെ അണിനിരത്തി പോപുലര്‍ ഫ്രണ്ട് കൃത്യസമയത്ത് തന്നെ മാര്‍ച്ച് നടത്തി. പോലിസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച നടപടി ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരായ നീക്കമാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

മൂന്ന് മണിയോടെ തുടങ്ങിയ മാര്‍ച്ച് കുറച്ച് ദൂരം മുന്നിട്ടതോടെ പോലിസ് തടഞ്ഞു. മാര്‍ച്ചും പ്രതിഷേധ യോഗവും മുന്നോട്ട് കൊണ്ട് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ മംഗലാപുരം നഗരത്തില്‍ വലിയ പ്രതിഷേധ സമ്മേളനം നടത്തി.

Tags:    

Similar News