ആര്‍എസ്എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന നാളുകള്‍ അതിവിദൂരമല്ല: ഒ എം എ സലാം

പോപുലര്‍ ഫ്രണ്ട് ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലി സമാപിച്ചു

Update: 2022-03-12 12:54 GMT

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലി സമാപിച്ചു. പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന സംസ്ഥാന ജനറല്‍ അസംബ്ലിയുടെ സമാപനം ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസും ബിജെപിയും വലിയ തോതില്‍ നടത്തിയിട്ടുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അവരുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന നാളുകള്‍ അതിവിദൂരമല്ല. ആര്‍എസ്എസിന്റെ മുസ്‌ലിം വിരുദ്ധതയെ പിന്തുണക്കുന്നവര്‍ രാജ്യത്തിനു ഭീഷണിയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഈ മനോഭാവം വെല്ലുവിളിയാണ്. സംഘപരിവാരം ആഗ്രഹിച്ച നിലയില്‍ പ്രതിപക്ഷമുക്ത ഇന്ത്യ ഉണ്ടായിരിക്കുന്നു. എന്നാല്‍ ഇത് എല്ലാത്തിന്റെയും അവസാനമല്ല. ബിജെപിക്ക് ഇന്ത്യയില്‍ ബദലുണ്ട് എന്നതിന്റെ സൂചനകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. യുപിയില്‍ താരതമ്യേന ശക്തരായ പ്രതിപക്ഷം ഉണ്ടായത് ഏകപക്ഷീയമായ വിജയം സാധ്യമല്ലെന്നു തെളിയിക്കുന്നു.

ബിജെപിക്ക് പുതിയൊരു ബദല്‍ അനിവാര്യമാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും ഉറച്ചു നിന്നാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.

മലബാര്‍ സമര ചരിത്രങ്ങളുടെ ഗ്രന്ഥകാരനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി അബ്ദുല്‍ ഹമീദിനെ ചെയര്‍മാന്‍ ഒ എം എ സലാം ഉപഹാരം നല്‍കി ആദരിച്ചു. പോപുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ക്ക് മികവാര്‍ന്ന പരിശീലനം നല്‍കിയ എം പി മുഹമ്മദ് ഹനീഫ, ബാന്റ് പരിശീലനം നല്‍കിയ വി എം ഇബ്രാഹിം, ടി എ ഖമറുദ്ദീന്‍ എന്നിവരേയും ചെയര്‍മാന്‍ ആദരിച്ചു.

വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍, ദേശീയ സെക്രട്ടറി വി പി നസറുദ്ദീന്‍, ദേശീയ സമിതി അംഗം പ്രഫ. പി കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍സത്താര്‍, സെക്രട്ടറി എസ് നിസാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി വി ശുഹൈബ്, പി അബ്ദുല്‍ അസീസ് സംസാരിച്ചു.

Tags:    

Similar News