കെ.റെയില്‍ സര്‍വ്വേ ഉദ്യോഗസ്ഥരെ പട്ടി കടിച്ചുവെന്നാരോപിച്ച് കേസെടുത്തത് ഭീഷണിപ്പെടുത്താനുള്ള കുതന്ത്രം: കെ.റെയില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി

കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കരുതെന്ന വ്യക്തമായ ഉത്തരവ് നിലനില്‍ക്കെയാണ് നിയമവിരുദ്ധമായി വന്‍ പോലിസ് സന്നാഹത്തോടെ ജനങ്ങളെ ഭീതിയിലാഴ്ത്തി സര്‍വ്വേ നടത്തി കല്ലിടുന്നത്

Update: 2021-10-24 14:46 GMT

കണ്ണൂര്‍: അനുവാദമില്ലാതെയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും സര്‍വ്വേക്കെത്തിയ കെ.റെയില്‍ ഉദ്യോഗസ്ഥരെ വീട്ടു പറമ്പിലുണ്ടായിരുന്ന പട്ടി കടിച്ചുവെന്നാരോപിച്ച് വീട്ടുടമസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തത് സമരത്തില്‍ അണിനിരന്നവരെ ഭീഷണിപ്പെടുത്താനുള്ള കുതന്ത്രം മാത്രമാണെന്ന് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കരുതെന്ന വ്യക്തമായ ഉത്തരവ് നിലനില്‍ക്കെയാണ് നിയമവിരുദ്ധമായി വന്‍ പോലിസ് സന്നാഹത്തോടെ ജനങ്ങളെ ഭീതിയിലാഴ്ത്തി സര്‍വ്വേ നടത്തി കല്ലിടുന്നത്. സാമൂഹികപാരിസ്ഥിതികാഘാത പഠനമോ കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ടോയില്ലാതെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകുന്നതിന് മുമ്പുള്ള സര്‍വ്വേയും കുറ്റിയടിയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍വ്വേ പോലുള്ള കാര്യങ്ങള്‍ക്ക് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍കൂര്‍ നോട്ടീസും അനുമതിയും വേണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകളെ ലംഘിച്ച് ഭൂമിയില്‍ പ്രവേശിച്ചവരെ സംരക്ഷിക്കുകയും ഭൂഉടമസ്ഥരെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിക്കുമെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

Tags:    

Similar News